രാജ്‌കോട്ട്: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25 വയസുകാരിയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ ഒന്‍പതിന് നടന്ന സംഭവത്തില്‍ മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന യുവതിക്ക് മന്ത്രിവാദിയെ ബന്ധപ്പെടുത്തിയത്.
സുഹൃത്തിനൊപ്പമാണ് ഡിസംബര്‍ ഒന്‍പതിന് യുവതി മന്ത്രവാദിയെ കാണാനെത്തിയത്. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്നും വസ്ത്രങ്ങള്‍ അഴിക്കാനും ദുര്‍മന്ത്രവാദി പരാതിക്കാരിയോട് ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും അതിനാല്‍ വീണ്ടും വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും മന്ത്രവാദി പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 14ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാല്‍, വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
സഹായികളായ വിജയ് വഗേല, നരന്‍ ഭോര്‍ഗഥാരിയ, സിക്കന്ദര്‍ ദേഖായ, യുവതിയുടെ സുഹൃത്ത് ഫൈസല്‍ പര്‍മാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിയിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.