മേപ്പാടി :- ചൂരൽമല മുണ്ടകൈ ദുരന്തത്തിൽ സംയുക്ത തിരച്ചിൽ നടത്തി ബോഡികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ അവസാനിപ്പിക്കാനിരിക്കേ സൂചിപ്പാറ സർക്കാർ വനത്തിൽ നാലു ബോഡികൾ കണ്ടെത്തി. എസ്.ഡി.പി.ഐ പ്രവർത്തകർ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ബോഡികൾ കണ്ടെത്തിയത്.
ഫോറസ്റ്റ്, റവന്യൂ അധികൃതരേയും കളക്ട്രേറ്റിലെ കൺട്രാേൾ റൂമിലും വിവരമറിയിച്ചെങ്കിലും തിരച്ചിൽ തുടരാനുള്ള നിർദ്ദേശം നൽകുക മാത്രമാണത്രെ ചെയ്തത്. മണിക്കൂറുകൾക്ക് ശേഷം സംഭവസ്ഥലത്തെത്തിയ ഹെലിക്കോപ്റ്റർ രണ്ടുമൂന്നു തവണ വട്ടം ചുറ്റിയതല്ലാതെ ഒന്നും ചെയ്യാതെ മടങ്ങി.
മൂന്നുമണിക്ക് വീണ്ടുമെത്തിയ ഹെലിക്കോപ്റ്ററിൽ നിന്നും പി.പി കിറ്റോ മറ്റു അനുബന്ധ സൗകര്യങ്ങളോ നൽകാതെ ബോഡി പൊതിയാനുള്ള കവറും ഗ്ലൗസും മാത്രം ഇട്ടുനൽകി മടങ്ങുകയാണുണ്ടായത്. അരമണിക്കൂറിന് ശേഷം തിരച്ചിലവസാനിപ്പിക്കാനുള്ള നിർദ്ദേശം നൽകി സന്നദ്ധ പ്രവർത്തകരെ ഹെലികോപ്റ്ററിൽ ബത്തേരിയിലെത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾമൂലം ബോഡികളെടുക്കുന്നത് വൈകാൻ സാധ്യതയുണ്ട്. ടെക്നിക്കൽ ഇഷ്യൂ, കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് അധികൃതർ പറയുന്നത്. വിശദമായ തിരച്ചിൽ നടത്തിയാൽ ഇനിയും ധാരാളം ബോഡികൾ കണ്ടെത്താൻ കഴിയുമെന്ന് സന്നദ്ധ പ്രവർത്തകർ ഉറപ്പിച്ചു പറയുന്നു.
വീണ്ടും ബോഡി കണ്ടെത്തിയ സ്ഥിതിക്ക് തിരച്ചിൽ അവസാനിപ്പിക്കരുതെന്നും കണ്ടെത്തിയ ബോഡികൾ അവഗണിക്കുകയും അനാദരവ് കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.