സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്

Thiruvananthapuram

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. കോവളം ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ വി ജോയ് രണ്ടുതവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ കൂടിയാണ്

ചിറയിന്‍കീഴ് ശ്രീചിത്തിര വിലാസം സ്‌കൂള്‍ ലീഡറായി തുടങ്ങിയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച സംഘടന പ്രവര്‍ത്തന പരിചയമുണ്ട്. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായും മികവുതെളിയിച്ച അനുഭവ കരുത്തുണ്ട്. സമരമുഖങ്ങളിലെ തീക്കാറ്റായിരുന്ന ജോയിയെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍ പൊലീസ് ചവിട്ടിവീഴ്ത്തി മുഖത്ത് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഇന്നും ജനമനസ്സിലുണ്ട്. നിരവധി തവണ പൊലീസിന്റെ കൊടിയ മര്‍ദനം ഏറ്റുവാങ്ങി.

പാര്‍ലമെന്ററി രംഗത്ത് ജനകീയ പിന്തുണ തെളിയിച്ച നേതാവ് കൂടിയാണ് വി ജോയ്. അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായും രണ്ട് തവണ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും വിജയിച്ചു. പിന്നീട് ജില്ലാ പഞ്ചായത്തംഗമായിരിക്കെയാണ് വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടിയത്. വര്‍ക്കല മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയം.

ഈ അനുഭവ പശ്ചാത്തലം കൂടി പരിഗണിച്ചാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ജോയ് വീണ്ടും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ജോയ് സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. ഇതിനുശേഷം ചേര്‍ന്ന ആദ്യ ജില്ലാ സമ്മേളനത്തിലും ജോയ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.