ലഹരിവ്യാപനത്തിനെതിരെ ഐ.എസ്.എമ്മിന്‍റെ പൊതുതാല്പര്യഹരജിയില്‍ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Kozhikode

എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടി കേരള സർക്കാർ

കൊച്ചി: ലഹരിവ്യാപനത്തിനെതിരെ കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ പൊതുതാത്പര്യഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. 2019ൽ തന്നെ സ്വമേധയാ കേസെടുത്ത് സമാന സ്വഭാവമുള്ള ഹരജിയിൽ ഹൈക്കോടതി തീർപ്പാക്കിയിട്ടുള്ളതാണെന്ന് സർക്കാർ വാദിച്ചപ്പോൾ, പ്രസ്തുത പൊതുതാത്പര്യഹരജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാരിന്റെ മറുപടി സത്യവാങ്മൂലം സമർപ്പിക്കണക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാമ്‌ദാറും ജസ്റ്റിസ് എസ്.മനുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർഥികൾക്കിടയിൽ അധികാരികളുടെ പരിശോധനകൾ വെട്ടിച്ച് നടന്നുകൊണ്ടിരിക്കുന്ന ഡി.ജെ പാർട്ടികളും അനിയന്ത്രിത കൂട്ടായ്മകളും സംഘർഷങ്ങളിലും കൊലപാതകങ്ങളിലും വരെ ചെന്നെത്തുന്ന സാഹചര്യത്തെ രക്ഷിതാക്കളും പൊതുസമൂഹവും ഭീതിയോടെയാണ് നോക്കിക്കാണുന്നതെന്നും ലഹരിസംഘങ്ങളുടെ ഒളിസങ്കേതങ്ങളായി വിദ്യാർഥിസമൂഹം നിർഭാഗ്യവശാൽ മാറുന്നു എന്നും എക്സൈസ് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സർക്കാർ സർവ്വേ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഹരജിയിൽ വ്യക്തമാക്കിയിരുന്നു. സംസഥാന സർക്കാറും വിദ്യാഭ്യാസ വകുപ്പും കേന്ദ്ര നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും എക്സൈസ് കമ്മീഷണറും സംസഥാന പോലീസ് മേധാവിയും എതിർകക്ഷികളായ ഹരജിയിൽ ഐ.എസ്.എമ്മിന് വേണ്ടി അഡ്വ.മുഹമ്മദ് ദാനിഷ് കെ.സ് ഹാജരായി. സർക്കാരിന്റെ മറുപടിക്കായി കേസ് മേയ് ആദ്യവാരത്തിലേക്ക് മാറ്റിവെച്ചു.