നാട് നന്നായാൽ വീടും ആരോഗ്യവും നന്നാവും; മംഗലാട് ശുചിത്വ വാർഡായി പ്രഖ്യാപനം നടത്തി

Kozhikode

ആയഞ്ചേരി: നാട് നന്നായാൽ വീടും ആരോഗ്യവും നന്നാവും എന്ന സന്ദേശത്തിലൂടെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ശുചിത്വ വാർഡായി പ്രഖ്യാപനം നടത്തി. കടമേരി , പുതുശ്ശേരിക്കണ്ടി,ഇയ്യോത്ത് വയൽ, അരീക്കര, തയ്യിൽ, വരീലാട്ട് താഴ, അക്കരോൽ, മഞ്ചക്കണ്ടി, അമ്പലപ്പറമ്പ്, തത്തങ്കോട്ട് തുടങ്ങിയ ഭാഗങ്ങളിലെ പാതയോരങ്ങളിൽ നിന്ന് പൊതുജനങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ കൈയ്യിലേത്തിയുള്ള ഘോഷയാത്ര അക്വഡേറ്റ് പരിസരത്ത് അവസാനിച്ചു.
പ്ലാസ്റ്റിക്ക് എന്ന മാരകമായ ഭവിഷ്യത്തിനെ ചെറുക്കാൻ സന്നദ്ധരായ മുപ്പതോളം പൊതുപ്രവർത്തകർക്ക് വീട്ട് ആവശ്യത്തിനുള്ള മൺകലങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്നദ്ധപ്രവർത്തർ വഴിയോരങ്ങളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു വരികയായിരുന്നു. പൊതു അവലോകനത്തിൽ തുടർന്ന് നടത്തേണ്ട പദ്ധതികൾ ആവിഷ്കരിച്ചു. തുടർ പ്രകൃയ പ്രകാരം എല്ലാ കടകൾക്കും വേസ്റ്റ് ബിൻ നൽകും. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ മാലിന്യത്തിനെതിരെ ശക്തമായി പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് മെമ്പർ പറഞ്ഞു. ശുചിത്വ പ്രതിജ്ഞ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴൽ ചൊല്ലിക്കൊടുത്തു. ശങ്കരൻ പൊതുവാണ്ടി, ചാത്തു മഞ്ചക്കണ്ടി, ആശാവർക്കർ റീന ടി.കെ,മോളി പട്ടേരിക്കുനി, സതി തയ്യിൽ,ദീപ തിയ്യർക്കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.