വി.ആര്‍.അജിത് കുമാര്‍ (അവസാന ഭാഗം)
ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും നേരത്തെ ഉണര്‍ന്നു.രാവിലെ 55 കിലോമീറ്റര്‍ അകലെ ഉനകോടിയിലെത്തണം.ദേവ്തമുറയിലും പിലാകിലും ഉള്ളതിനേക്കാളും അധികം പാറകളിലെ കൊത്തുപണികളും ശിലാചിത്രങ്ങളുമുള്ളത് ഉനകോടിയിലാണ്. അവിടെ നിന്നും 141 കിലോമീറ്റര്‍ താണ്ടി ഉച്ചക്ക് പന്ത്രണ്ടരയോടെ അഗര്‍ത്തല വിമാനത്താവളത്തിലും എത്തണം.രണ്ട് മണിക്കാണ് ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ്. അതുകൊണ്ടുതന്നെ ബുള്ളറ്റിനെ ഉപേക്ഷിച്ച് കാര്‍ യാത്ര നടത്താനാണ് പദ്ധതി. റോഡ് തീരെ മോശമാണ് എന്നു മാത്രമല്ല, രാവിലെ ട്രക്കുകളുടെ ബാഹുല്യം കാരണം ട്രാഫിക് ജാമും ഉണ്ടാകും. സജുവിനും കുടുംബത്തിനും സ്നേഹവും ആതിഥ്യവും നല്‍കിയതിന് നന്ദി പറഞ്ഞ് ഇറങ്ങി. പതിവ് പോലെ പ്രഭാതം മൂടലിലായിരുന്നു. എങ്കിലും ഡ്രൈവര്‍ പരമാവധി വേഗത്തിലാണ് വണ്ടി ഓടിച്ചത്. ഉനകോടി ഒഴിവാക്കാന്‍ കഴിയാത്ത ഇടമായതിനാലാണ് ഇത്തരമൊരു സാഹസത്തിന് തീരുമാനിച്ചത്. രണ്ട് മണിക്കൂര്‍കൊണ്ട് ഉനകോടിയിലെത്തി.ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ അധീനതയിലാണ് ഉനകോടി. സന്ദര്‍ശന സമയത്തിന് മുന്നെ ഞങ്ങളെത്തി. നേരത്തെ അറിയിച്ചിരുന്നതിനാല്‍ പ്രവേശനം കിട്ടി. വളരെ മനോഹരമായ ഒരിടം തന്നെയാണ് ഉനകോടി. പാറകളും കുന്നുകളും സമതലവും ഇഴചേര്‍ന്ന ഇടം നൂറ്റാണ്ടുകള്‍ക്കുമുന്നെ കലാകാരന്മാരുടെ സര്‍ഗ്ഗഭൂമികയായിരുന്നു. ഓരോ പാറകളും മനോഹരമായ ശില്‍പ്പങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഇടം. ഒരു ദിവസം തങ്ങി ആസ്വദിക്കേണ്ട കാഴ്ചകളുണ്ട് ഇവിടെ. സമയ പരിമിതി കാരണം ഞങ്ങള്‍ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് നടത്തിയത്. മികച്ച ട്രെക്കിംഗിനുള്ള സൌകര്യവും ഇവിടെയുണ്ട്.
ഉനകോടിയിലെ പാറകളിലുള്ള കൊത്തുപണികള്‍ ബൃഹത്തായതും ആകാശത്തിലേക്ക് തുറന്ന് ലംബമായ ശിലാമുഖങ്ങളില്‍ കൊത്തിവച്ചിട്ടുള്ളതുമാണ്.ഏഴാം നൂറ്റാണ്ടുമുതലെ ശൈവ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു ഇവിടം. ഇവിടത്തെ ചുവര്‍ ചിത്രങ്ങള്‍ അസംസ്കൃതവും പ്രാകൃതവുമായ സൌന്ദര്യത്താല്‍ നമ്മെ ആകര്‍ഷിക്കുന്നു.ഉനകോടി എന്നാല്‍ കോടിയില്‍ ഒന്ന് കുറവ് എന്നാണ്.ഐതീഹ്യപ്രകാരം ഇത്രയും ശില്‍പ്പങ്ങള്‍ ഇവിടെയുണ്ട് എന്നാണ് വിശ്വാസം.ഇത് അതിശയോക്തിയാണെങ്കിലും ഇവിടത്തെ ശില്‍പ്പങ്ങളുടെ എണ്ണം നമ്മെ അമ്പരപ്പിക്കുന്നതാണ്.രാജകീയ രക്ഷാകര്‍തൃത്വം ലഭിച്ച കലാകാരന്മാര്‍ക്ക് അവരുടെ മാസ്റ്റര്‍പീസുകള്‍ സൃഷ്ടിക്കുന്നതിനുള്ള പറുദീസയായിരുന്നു ഇവിടം എന്നു കരുതാം.സമൃദ്ധമായ പച്ചപ്പുള്ള മനോഹരമായ വനത്തിന് നടുവില് ഈ കൊത്തുപണികള്‍ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് അവയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.ഉനകോടിയില്‍ രണ്ട് തരം ശില്‍പ്പങ്ങളാണുള്ളത്.പാറയില്‍ കൊത്തിയവയും വേര്‍പെടുത്തിയ ശിലകളില്‍ തീര്‍ത്തവയും. ഉനകോടീശ്വര കാലഭൈരവ എന്നറിയപ്പെടുന്ന പ്രധാന ശില്‍പ്പം ശിവന്‍റെ ശിരസ്സാണ്.മുപ്പതടി ഉയരമുള്ള സങ്കീര്‍ണ്ണായ ഈ ശില്‍പ്പത്തിന്‍റെ ശിരോവസ്ത്രത്തിന് പത്തടി ഉയരമുണ്ട്. ഇതിന് ഇരുവശത്തുമായി പൂര്‍ണ്ണ വലിപ്പമുള്ള രണ്ട് സ്ത്രീ രൂപങ്ങള്‍ കാണാം. ഇതിലൊന്ന് സിംഹത്തിന്മേല്‍ നില്‍ക്കുന്ന ദുര്‍ഗ്ഗയാണ്.തറയില്‍ ഉറച്ചിരിക്കുന്ന മൂന്ന് ഇടത്തരം പാറകളില്‍ മൂന്ന് നന്ദികളെയും ചിത്രീകരിച്ചിട്ടുണ്ട്. അവയുടെ ശരീരത്തിന്‍റെ കുറച്ചുഭാഗം ഭൂമിക്കടിയിലാണ് എന്ന് തോന്നിപ്പിക്കുന്നതാണ് ആ ശില്പ്പങ്ങളുടെ സൌന്ദര്യം. ഭീമാകാരമായ ഗണപതി രൂപങ്ങളും പാറയില്‍ കാണാം. പാറകളിലെ കൊത്തുപണികള്‍ അവിടവിടെ ചിതറി കിടക്കുന്ന കാഴ്ച ശില്പ്പികളുടെ പര്‍ണ്ണശാലയാണ് ഇവിടം എന്ന് തോന്നിപ്പിക്കും.എല്ലാ വര്‍ഷവും ഏപ്രിലില്‍ ഉനകോടിയില്‍ അശോകാഷ്ടമി മേള എന്ന ഉത്സവം നടക്കുന്നു.ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ സമയം ഇവിടെ എത്തുക.ജില്ല ആസ്ഥാനമായ കൈലാസഹറില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ പുരാവസ്തു കേന്ദ്രം.യുനസ്കോയുടെ ലോകപൈതൃക സൈറ്റുകളുടെ താത്ക്കാലിക പട്ടികയില്‍ ഉനകോടി ഉള്‍പ്പെട്ടിട്ടുണ്ട്. ഉനകോടി കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ അഗര്‍ത്തലയിലേക്ക് മടങ്ങി. കൃത്യമായി വിമാനത്താവളത്തിലെത്തിച്ച ഡ്രൈവര്‍ക്കും കൂട്ടര്‍ക്കും നന്ദി പറഞ്ഞ്, ത്രിപുര സുന്ദരിയെ മനസ്സിലേറ്റി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. (അവസാനിച്ചു )