കേന്ദ്രസർക്കാരിന്‍റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുക

Wayanad

ജൂലൈ 9 ന് കടകൾ അടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കിനോട് സഹകരിക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. തൊഴിലാളിവിരുദ്ധമായ നാല് തൊഴിൽ നിയമങ്ങൾ റദ്ദാക്കുക, മിനിമം ദിവസ വേതനം ₹1000/- ഉം പ്രതിമാസം ₹31,000/- ആക്കുക, കരാർ തൊഴിൽ സമ്പ്രദായം നിർത്തലാക്കുക, ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, ഇ പിഎഫ് പെൻഷൻ 9000 രൂപ നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ട്രേഡ് യൂണിയൻ രൂപീകരണത്തില്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങൾ എടുത്തു കളയുക, തൊഴിൽ സമയം ദീർഘിപ്പിക്കാനുള്ള വ്യവസ്ഥകൾ പിൻവലിക്കുക, തൊഴിലവകാശം മൗലികാവകാശമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 9 ന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന 10 ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്ന് അഖിലേന്ത്യാതലത്തിൽ സംയുക്ത പണിമുടക്ക് നടത്തുന്നു.
മാർച്ച് 16ന് ഡൽഹിയിൽ ചേർന്ന സംഘടനകളുടെ ദേശീയ കൺവെൻഷനാണ് 2025 മെയ് 20ന് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. എന്നാൽ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെയും അതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് പണിമുടക്ക് 2025 ജൂലൈ 9 ലേക്ക് മാറ്റിയത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുണ്ടായിരുന്നവയും സ്വാതന്ത്ര്യത്തിനുശേഷം പാർലമെൻറ് ചർച്ചചെയ്ത് അംഗീകരിച്ചതുമായ നിലവിലെ 29 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്തു കൊണ്ടാണ് അവയിലെ തൊഴിലാളികൾക്ക് അനുകൂലമായ മിക്ക അടിസ്ഥാന വ്യവസ്ഥകൾ ഒഴിവാക്കി കോർപ്പറേറ്റ് മേധാവികൾ ആവശ്യപ്പെട്ട, തൊഴിലുടമകൾക്ക് സഹായകരമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് ലേബർ കോഡുകൾ കൊണ്ടുവന്നിട്ടുള്ളത്. വേതനം സംബന്ധിച്ച് ശാസ്ത്രീയമായി അംഗീകരിച്ച മാനദണ്ഡങ്ങൾ ആകെ ഉപേക്ഷിച്ച് മിനിമം വേതനം എന്ന തത്വം തന്നെ വേണ്ടെന്നു വച്ചിരിക്കുന്നു. ഒരു നാഷണൽ ഫ്ലോർവേജ് സംവിധാനമാണ് പകരം കൊണ്ടുവന്നിട്ടുള്ളത്. സർക്കാരിൻെറ ആഗ്രഹമനുസരിച്ച് എപ്പോൾ വേണമെങ്കിലും അതിൽ മാറ്റം വരുത്തുകയും ചെയ്യാം.

ബിസിനസ് എളുപ്പമാക്കുക (ease of doing business) എന്നതാണ് ഇതിന്റെയൊക്കെ ലക്ഷ്യം എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് .ഇപ്പോൾ നടന്നുവരുന്ന കൽക്കരി ഖനികൾ ,വൈദ്യുതി, വെള്ളം, വ്യോമയാനം, റെയിൽവേ, ബാങ്ക്, ഇൻഷുറൻസ് തുടങ്ങി പൊതുമേഖലയിലുള്ള രാജ്യത്തിൻെറ ആസ്തികൾ കോർപ്പറേറ്റുകൾക്ക് കൈമാറുന്ന നടപടിയുമായി ഇതിനെ ചേർത്തുവച്ചാൽ കാര്യം വ്യക്തമാണ്. സി ആർ പി സി ക്ക് പകരമായി കൊണ്ടുവന്നിട്ടുള്ള ഭാരതീയ ന്യായ സംഹിതയിലെ (BNS) പല വകുപ്പുകളും പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ സ്വാതന്ത്ര്യം പോലും ഹനിക്കുന്നവയും ശിക്ഷാർഹമായ കുറ്റമാക്കുന്നവയുമാണ്. കേന്ദ്രസർക്കാരിൻെറ കോർപ്പറേറ്റ് ചങ്ങാത്തത്തെ ചോദ്യം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിഷേധം അടിച്ചമർത്തുക എന്നതാണത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികൾ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വേതനം നിര്‍ണ്ണയിക്കുന്ന വേജ് ബോര്‍ഡ് സംവിധാനം അട്ടിമറിച്ച് കഴിഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികൾ നടന്നു വരികയാണ്. തൊഴിലാളികളുടെ കൺവെൻഷനുകൾ, വിശദീകരണയോഗങ്ങൾ, പഞ്ചായത്ത് തല കാൽനട ജാഥകൾ എന്നിവ നടന്നു. സംസ്ഥാന നേതാക്കൾ നയിച്ച മൂന്ന് പ്രചാരണ ജാഥകൾ സംസ്ഥാനത്ത് നടത്തി.

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു നടക്കുന്ന പണിമുടക്കിന് കർഷകർ, കർഷക തൊഴിലാളി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള പത്ര പ്രവര്‍ത്തകയൂണിയനുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും പണിമുടക്കിനെ പിന്തുണക്കുന്നുണ്ട്. സാമ്രാജ്യത്വ നവലിബറൽ നയങ്ങൾക്കെതിരെ പോരാടുക, ആർ‌എസ്‌എസ് ഫാസിസ്റ്റുകളുടെ ഹിന്ദു രാഷ്ട്രത്തെ പരാജയപ്പെടുത്തുക, മതം, ജാതി, പ്രാദേശികത എന്നിവയുടെ പേരിൽ തൊഴിലാളികളെ വിഭജിക്കുന്നതിനെ എതിർക്കുക തുടങ്ങി തൊഴിലാളികളെയും കർഷകരെയും ജനസാമാന്യത്തെ ആകെയും മൊത്തത്തിൽ ബാധിക്കുന്ന ആവശ്യങ്ങളാണ് ഈ പണിമുടക്കിൽ സംയുക്ത സമിതി ഉന്നയിച്ചിട്ടുള്ളത്.

TUCI ജില്ലാ പ്രസിഡണ്ട് കെ.ജി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ, പി.കെ. രാജൻ, ബിജി ലാലിച്ചൻ, എ.കെ.ഷാജൻ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.