ഐ എഫ് എഫ് കെ : മൃണാള്‍ സെന്‍ ഫോട്ടോ എക്‌സിബിഷന്‍ അടൂര്‍ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: അതുല്യ ചലച്ചിത്ര പ്രതിഭ മൃണാള്‍ സെന്നിന് ആദരമായി ചലച്ചിത്ര അക്കാദമി ഒരുക്കിയ എക്‌സിബിഷന്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹവും എളിമത്വവും നിറഞ്ഞ ചലച്ചിത്ര പ്രതിഭയായിരുന്നു മൃണാള്‍ സെന്‍ എന്ന് അടൂര്‍ അനുസ്മരിച്ചു. ഇന്‍ഡ്യന്‍ സിനിമയിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ സെന്‍ ലളിത ജീവിതം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയെന്നും അടൂര്‍ ഓര്‍മ്മിച്ചു. ടാഗോര്‍ തിയേറ്റര്‍ മെയിന്‍ ഗേറ്റിനു സമീപം നിര്‍മ്മിച്ച പ്രത്യേക വേദിയില്‍ ചിത്രപ്രദര്‍ശനം തുടങ്ങി.

ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്കുയര്‍ത്തിയ ബംഗാളി നവതരംഗ സംവിധായകന്‍ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദി യോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍, സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂര്‍വ്വ നിമിഷങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.

പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനും ഛായാഗ്രാഹകനുമായ ആര്‍. ഗോപാലകൃഷ്ണന്‍ ആണ് 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൃണാള്‍ദാ 100 പ്രദര്‍ശനം തയ്യാറാക്കിയത്. ബംഗാള്‍ ചലച്ചിത്ര പ്രവര്‍ത്തകനും നിരുപകനുമായ പ്രദീപ് ബിശ്വാസ് സെന്നിനെ കുറിച്ചും സിനിമകളുടെ പ്രത്യേകതകളെ കുറിച്ചും വിശദമാക്കി.

മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ആശംസകള്‍ അര്‍പ്പിക്കുകയും പാലസ്തീന്‍ യുദ്ധം പ്രമേയമായ കവിത ആലപിക്കുകയും ചെയ്തു. ലളിതകലാ അക്കാദമി സെകട്ടറി ബാലമുരളി കൃഷ്ണ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സി.അജോയ് സ്വാഗതവും പ്രദീപ് ചൊക്ലി നന്ദിയും ആശംസിച്ചു.