റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന് ശ്രേഷ്ഠകര്‍മ്മ പുരസ്‌കാരം വ്യാഴാഴ്ച പാലാ ഗാന്ധി സ്‌ക്വയറില്‍ സമ്മാനിക്കും

Kottayam

പാലാ: അനീതിക്കെതിരെ നിയമമാര്‍ഗ്ഗത്തിലൂടെ പോരാടുന്ന റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘ശ്രേഷ്ഠകര്‍മ്മ’ പുരസ്‌ക്കാരം നാളെ വ്യാഴാഴ്ച രാവിലെ 6.30ന് മൂന്നാനി ഗാന്ധിസ്‌ക്വയറില്‍ വച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ അറിയിച്ചു. കോയമ്പത്തൂരിന് പോകുന്ന വാഹനം മൂന്നാനിയില്‍ എത്തുമ്പോഴാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്. പ്രശസ്തിപത്രികയും പൊന്നാടയും അടങ്ങുന്നതാണ് ‘ശ്രേഷ്ഠകര്‍മ്മ’ പുരസ്‌ക്കാരം.

അവകാശ സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ മാതൃകാപരമായി നടത്തുന്ന പോരാട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നത്.

പെന്‍ഷനു വേണ്ടി ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ സമരം നടത്തുന്ന അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ, പൊളിഞ്ഞ പാലം സ്വദേശിനി അന്നമ്മ ഔസേപ്പ് എന്നിവര്‍ക്കുള്ള ശ്രേഷ്ഠകര്‍മ്മ പുരസ്‌കാരം ഉച്ചയ്ക്ക് 2ന് അടിമാലിയിലെ മറിയക്കുട്ടിയുടെ വസതിയില്‍ വച്ച് സമ്മാനിക്കും.