66 ചിത്രങ്ങള്‍, നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ അവസാന പ്രദര്‍ശനം

Cinema News

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മത്സര ചിത്രം നന്‍പകല്‍ നേരത്തു മയക്കത്തിന്റെ അവസാന പ്രദര്‍ശനമടക്കം 66 വര്‍ണ്ണക്കാഴ്ചകള്‍ക്ക് ബുധനാഴ്ച രാജ്യാന്തര ചലച്ചിത്രമേള വേദിയൊരുക്കും. ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായ ചെല്ലോ ഷോ, ഐമര്‍ ലബാക്കിയുടെ കോര്‍ഡിയലി യുവേഴ്‌സ്, 99 മൂണ്‍സ്, സ്പാനിഷ് ചിത്രം പ്രിസണ്‍ 77, അറിയിപ്പ്, ആലം, അവര്‍ ഹോം തുടങ്ങിയവയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ച നടക്കും. മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ദാര്‍ദന്‍ ബ്രദേഴ്‌സ് ചിത്രം ടോറി ആന്‍ഡ് ലോകിതയുടെ അവസാന പ്രദര്‍ശനവും ഇന്നുണ്ടാകും.

ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്‌സ്‌കി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദര്‍ശനവും നാളെ നടക്കും. 1973ല്‍ പുറത്തിറങ്ങിയ ചിത്രം സര്‍റിയല്‍ സിനിമ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബോയ് ഫ്രം ഹെവന്‍, ദി കേക്ക് ഡൈനാസ്റ്റി, ഇസ്രയേലി ചിത്രം മൈ നെയ്ബര്‍ അഡോള്‍ഫ്, ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളുടെ കടല്‍ ജീവിതം പ്രമേയമാക്കിയ ദി ഓഷന്‍ ഏഞ്ചല്‍, പോര്‍ച്ചുഗല്‍ ചിത്രം പലോമ, ഇന്തോനേഷ്യന്‍ ചിത്രം ബിഫോര്‍ നൗ ആന്‍ഡ് ദെന്‍ തുടങ്ങി 21 ലോക സിനിമകളുടെ പ്രദര്‍ശനവും ബുധനാഴ്ചയാണ്.

സനല്‍ കുമാര്‍ ചിത്രം വഴക്ക്, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ആണ്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മലയാള ചിത്രങ്ങളും ജി എസ് പണിക്കറിനു പ്രണാമം അര്‍പ്പിച്ച് ഏകാകിനിയും പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *