ഏകാധിപത്യ തടവറകളുടെ പീഡനക്കാഴ്ചയുമായി ഏ ടൊവല്‍വ് ഇയര്‍ നൈറ്റ്

Cinema News

എ വി ഫര്‍ദിസ്

തിരുവനന്തപുരം: ഏകാധിപതികളും പട്ടാള ഭരണാധികാരികളും രാഷ്ട്രീയ തടവുകാരോട് ക്രൂരമായി പെരുമാറുന്നതിന്റെ നേര്‍ക്കാഴ്ചയാണ് പന്ത്രണ്ടു വര്‍ഷത്തെ രാത്രി അഥവാ ഏ ടൊവല്‍വ് ഇയര്‍ നൈറ്റ് എന്ന ഉറുഗ്വേ ചലച്ചിത്രം.

രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മൂന്നുപേരെ ഉറുഗ്വേയിലെ പട്ടാള ഭരണകൂടം 12 വര്‍ഷ ത്തെ ഏകാന്ത തടവിന് ശിക്ഷിക്കുകയാണ്. തടവ് എന്നതിനപ്പുറം നാസി കോണ്‍സ്ട്രന്റേഷന്‍ ക്യാംമ്പുകളിലേതു പോലെ ശാരീരിക പീഡനത്തോടൊപ്പം മാനസിക പീഡനത്തിനടക്കം വിധേയമാക്കുകയാണ് പട്ടാളക്കാര്‍. ഇടയ്ക്കിടക്ക് ജയിലുകള്‍ മാറ്റിക്കൊണ്ട് ജയിലറയുമായി അവര്‍ പൊരുത്തപ്പെടുന്ന സാഹചര്യമടക്കമുള്ളവയെ ഇല്ലാതാക്കുന്നുണ്ട്.

ഉറുഗ്വേയിലെ ജയിലറകളില്‍ രാഷ്ട്രീയ തടവുകാരായി പീഡനമനുഭവിച്ച ഈ മൂന്നു പേരില്‍ ഒരാള്‍ ഉറുഗ്വേ
യുടെ പ്രസിഡന്റും മറ്റൊരാള്‍ മന്ത്രിയും മൂന്നാമത്തെയാള്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറുമായ വ്യക്തിയാണ്. നാസി തടവറകളിലെ ജൂത പീഡനങ്ങളുടെ കാഴ്ചകളുമായുള്ള, സിനിമകളാണ് പലപ്പോഴും ഐ എഫ് എഫ് കെയടക്കമുള്ള അന്താരാഷ്ട്ര മേളകളിലെ സ്ഥിരക്കാഴ്ചകളിലൊന്ന്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഉറുഗ്വേയില്‍ നിന്നും എത്തിയ ഇത്തരമൊരു ദൃശ്യവിസ്മയം ലോകമെങ്ങുമുള്ള സേച്ഛ്വാധിപതികള്‍ക്കും പട്ടാള ഭരണകൂടങ്ങള്‍ക്കും ഒരേ മുഖമാണെന്നത് കൂടി അടിവരയിടുകയാണ്.

ഇന്നലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സാന്‍സിബാറിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ മുന്‍നിറുത്തിയുള്ള വുത്തനെ നെ കുവ്വൂത്തെ അഥവാ ടഗ്ഗ് ഓഫ് വാറും പിടിക്കപ്പെടുന്ന രാഷ്ട്രീയ തടവുകാരുടെ ജയിലറ ജീവിതത്തില്‍ കൂടി കടന്നുപോകുന്ന ചലച്ചിത്രമാണ്. ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ കൊണ്ട് കഥാനായകന്‍ ജയില്‍ ചാടുകയാണ്. മേളയിലെ ജൂറി മെമ്പര്‍ കൂടിയായ അല്‍ വാരോ ബ്രെഞ്ചര്‍ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ ഒരു ഏകാധിപതിക്കും കലക്ക് കുച്ചു വിലങ്ങിടുവാന്‍ സാധിക്കുകയില്ലെന്ന പ്രഖ്യാപനത്തിന്റെ കൂടി നേര്‍ക്കാഴ്ചകളായി പ്രേക്ഷകനു മാറുകയായിരുന്നു ഈ ചലച്ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *