ജനകീയത ഈ ഊട്ടുപുരയുടെ മുഖമുദ്ര

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത് അമ്പതിനായിരത്തോളം പേരാണ്.

കലോത്സവത്തിന്റെ ആദ്യദിനം പുട്ടും കടലയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും. രാത്രി ഒരു മണി വരെ സജീവമായിരുന്ന ഊട്ടുപുരയില്‍ ആദ്യദിനം മാത്രം 31,000 ല്‍ അധികം പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. രണ്ടാംദിനം പ്രാതലിന് ഇഡ്ഡലിയും സാമ്പാറും ഉച്ചയൂണിന് ഗോതമ്പുപായസം കൂട്ടിയുള്ള സദ്യയുമാണ് തയ്യാറാക്കിയിരുന്നത്. രാവിലെ ഏഴായിരത്തിലധികം പേരും ഉച്ചയ്ക്ക് പന്ത്രണ്ടായിരത്തോളം പേരും ഭക്ഷണം കഴിച്ചു. ഭക്ഷണം വിളമ്പുന്നതിന് മികച്ച ക്രമീകരണം ഏര്‍പ്പെടുത്തിയതിനാല്‍ ഊട്ടുപുരയ്ക്കുള്ളില്‍ ഈ തിരക്ക് അനുഭവപ്പെടുന്നില്ല.

മൂന്നുനേരവും സ്വാദിഷ്ടവും പോഷകദായകവുമായ ഭക്ഷണമാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. നൂറില്‍പരം സന്നദ്ധപ്രവര്‍ത്തകരാണ് ഇത്തവണ ഭക്ഷണകമ്മിറ്റിയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്നത്.

ഡിസംബര്‍ 30 ,31 തീയതികളില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും 350ല്‍പരം അധ്യാപകര്‍ ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിരുന്നു. ഇവ 12 കേന്ദ്രങ്ങളില്‍ ശേഖരിക്കുകയും പിന്നീട് പുത്തരിക്കണ്ടം മൈതാനത്തിലെ കലവറയില്‍ എത്തിക്കുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ ജനകീയമായാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതെന്ന് കഴക്കൂട്ടം എം.എല്‍.എയും കലോത്സവത്തിന്റെ ഭക്ഷണകമ്മിറ്റി ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കലോത്സവത്തിന്റെ സംഘാടനം. മൂന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വീതം രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിച്ചാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത്. ശുചിത്വം പാലിക്കുന്നതിനായി ആറ്റുകാല്‍ പൊങ്കാല മാതൃകയില്‍ മാലിന്യസംസ്‌കരണ പദ്ധതിയും സജ്ജീകരിച്ചിട്ടുണ്ട്.