ജനാധിപത്യ സംരക്ഷണം; മതേതര ചേരി അജണ്ട നിശ്ചയിക്കുന്നവരാകണം: വിസ്ഡം യൂത്ത്

Kozhikode

കോഴിക്കോട്: രാജ്യത്തിന്റെ സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യം ഉള്‍ക്കൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി മതേതര ചേരി കക്ഷി രാഷ്ട്രീയത്തിനധീതമായി അജണ്ട നിശ്ചയിക്കുന്നവരാകണമെന്ന് വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ സമിതി ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. 2024 ലെ പൊതു തെരെഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെക്കാതെ, രാജ്യത്തെ ഗ്രസിച്ച വര്‍ഗീയതക്കെതിരെ പോരാടാനും രാജ്യത്തെ ജനങ്ങളെ മതനിരപേക്ഷ പക്ഷത്തേക്ക് ചേര്‍ത്ത് നിര്‍ത്താന്‍ അജണ്ടകള്‍ നിശ്ചയിക്കാനും സാധിക്കണമെന്ന് വിവിധ രാഷ്ട്രീയ, മത കക്ഷി പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് വേദിയായ സംഗമം കൂട്ടി ചേര്‍ത്തു.

പൊതു പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യുന്നതില്‍ കക്ഷി താല്പര്യങ്ങള്‍ കടന്നുകൂടുന്നത് ഇല്ലായ്മ ചെയ്യാന്‍ പരസ്പര വിട്ടുവീഴ്ചകള്‍ക്ക് മതേതര കക്ഷികള്‍ക്ക് തയ്യാറാകണം. മതേതര മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ അജണ്ടകളില്‍ വീഴുന്നതില്‍ നിന്ന് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും സാധിക്കണമെന്നും ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുജീബ് ഒട്ടുമ്മല്‍ മോഡറേറ്ററായി.വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.യു.ഐ ദേശീയ ജന. സെക്രട്ടറി കെ.എം അഭിജിത്ത്, ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം സിനാന്‍ മണ്ണാരി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കിഴരിയൂര്‍, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ ജാനിബ്, ആര്‍.കെ ഷാഫി(എം.ഇ.എസ്), അഹ്‌റാസ് റാസി (എം.എസ്.എസ്), നവാസ് (എം.എസ്.എസ്), സഫ്‌വാന്‍ ബറാമി (വിസ്ഡം സ്റ്റുഡന്റസ്) എന്നിവര്‍ സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ അമീര്‍ അത്തോളി, എ.എം ജംഷീര്‍, ജുബൈര്‍ അബ്ബാസ് എന്നിവര്‍ യൂത്ത് ടോക്കിന് നേതൃത്വം നല്‍കി.