ഷബ്‌നയുടെ മരണം; ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

Kozhikode

കോഴിക്കോട്: ഷബ്‌നയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് വടകര ഡിവൈ എസ് പിയ്ക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി നിര്‍ദേശം നല്‍കിയത്.

വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷബ്‌നയുടെ ഉമ്മയെയും ബന്ധുക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഭര്‍തൃഗൃഹത്തില്‍ നിരന്തരമായി പീഡനത്തിനിരയാക്കി മരണത്തിലേക്ക് ഷബ്‌നയെ തള്ളിവിട്ടുവെന്നതിനു വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു മുന്‍പാകെ ബന്ധുക്കള്‍ തെളിവുകള്‍ നിരത്തി. ഷബ്‌നയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചത്.

അതേസമയം കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയില്‍ ദിവസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിന്റെ ബന്ധുക്കളെ പൊലീസ് പ്രതി ചേര്‍ത്തത്. ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ നിലവില്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

പ്രതി ചേര്‍ക്കുന്നതില്‍ ഷബ്‌നയുടെ മകളുടെ മൊഴിയാണ് നിര്‍ണായകമായത്. ഡിവൈഎസ്പി ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബന്ധുക്കള്‍ക്ക് പൊലീസ് ഉറപ്പു നല്‍കി. കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം എസ്പിയെ കണ്ടു. നിലവില്‍ കേസില്‍ ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ റിമാന്‍ഡിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്.