കരിപ്പൂര്‍ വിമാനതാവളം, വിവേചനം അവസാനിപ്പിക്കണം: വിസ്ഡം

Kozhikode

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കായി കരിപ്പൂര്‍ വിമാനത്താവളത്തെ തെരെഞ്ഞെടുത്ത ഹാജിമാര്‍ക്ക് കേരളത്തിലെ മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തേക്കാള്‍ നിരക്കില്‍ ഇരട്ടി തുക നല്‍കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത് തികഞ്ഞ വിവേചനമാണന്ന് കോഴിക്കോട് ജില്ലാ ഫാമിലി കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നടന്ന വിസ്ഡം ജില്ലാ സംയുക്ത കൗണ്‍സില്‍ അഭിപ്രായപെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ആശ്രയിക്കുന്ന കരിപ്പൂരിനെതിരെ കഴിഞ്ഞ ഏതാനും വര്‍ഷമായി തുടരുന്ന വിവേചന പൂര്‍ണമായ സമീപനങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കങ്ങളും എന്ന് സംശയിക്കാതെ നിര്‍വാഹമില്ല.

കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചും മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ചും സര്‍വീസ് നടത്തുന്നതാണ് നിരക്കിലെ ഭീമമായ അന്തരത്തിന് കാരണമെന്നാണ് വാദമെങ്കിലും ഇത് വസ്തുതാപരമായി ശരിയല്ലെന്നാണ് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ഹാജിമാരെ കൊണ്ട് പോയ കൊച്ചിയിലെ നിരക്ക് കോഴിക്കോടിനേക്കാള്‍ താരതമ്യേന കൂടുതലായിരുന്നു.

അനാവശ്യമായും അനിയന്ത്രിതമായും കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സര്‍വീസ് നിര്‍ത്തി വെച്ച കേന്ദ്ര സര്‍ക്കാറാണ് ഈ വിഷയത്തില്‍ പ്രതിസ്ഥാനത്ത് ഒന്നാമാത്. ഈ സാഹചര്യത്തെ മുതലെടുത്ത് കോഴിക്കോടിനെ എംബാര്‍ക്കേഷന്‍ പോയിന്റ് ആയി തെരെഞ്ഞെടുത്ത 7500 ലേറെ വരുന്ന മഹാഭൂരിപക്ഷം ഹാജിമാരെ കൂടി തങ്ങളുടെ എയര്‍പോര്‍ട്ടുകളിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്ന സ്വകാര്യ എയര്‍പോര്‍ട്ട് മാനേജ്‌മെന്റുകളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഹാജിമാരെ പ്രയാസപ്പെടുത്തുകയാണ്.

കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സര്‍വീസ് ഉടനെ പുനരാരംഭിക്കുകയോ, ഹജ്ജിനായി വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുകയോ, നിലവിലെ ഭീമമായ തുക കുറക്കാന്‍ കോഴിക്കോട് നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതല്‍ ഇന്ത്യന്‍, സൗദി വിമാന കമ്പനികളെ ഉള്‍പ്പെടുത്തി റീ ടെണ്ടര്‍ വിളിക്കുകയോ ചെയ്ത് വിഷയത്തില്‍ പരിഹാരം കാണാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും, ന്യൂനപക്ഷ മന്ത്രാലയവും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയും, സംസ്ഥാന സര്‍ക്കാരും, ജനപ്രതിനിധികളും തയ്യാറാകണമെന്ന് കൗണ്‍സില്‍ ആവിശ്യപെട്ടു

വിസ്ഡം സംസ്ഥാന ട്രഷറര്‍ കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വഹക സമിതി അംഗം റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫെബ്രുവരി 10, 11 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സ് സിനാജുദ്ധീന്‍ വിശദീകരിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി, അസ്ഹര്‍ ഫറോക്ക്, റഷീദ് പാലത്ത്, ജംസീര്‍ പി സി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് കല്ലായി സ്വാഗതവും സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി സുഹൈല്‍ കല്ലായി നന്ദിയും പറഞ്ഞു.