മാനവിക പ്രതിസന്ധിക്ക് പരിഹാരം വേദ സന്ദേശങ്ങളിലേക്കുള്ള മടക്കം: ഹാര്‍മണി ടോക്ക്

Kozhikode

കോഴിക്കോട്: ലോകം അനുഭവിക്കുന്ന മാനവിക പ്രതിസന്ധിക്ക് പരിഹാരം ദൈവിക വേദ സന്ദേശങ്ങളിലേക്കുള്ള തിരിച്ച് പോക്ക് മാത്രമാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘വിശ്വമാനവികതക്ക് വേദ വെളിച്ചം ‘ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. നീതി നിഷേധങ്ങള്‍ക്കെതിരെ ലോക സമൂഹം ശക്തമായ നിലപാടെടുത്താല്‍ ലോകത്ത് സമാധാനം പുലരുമെന്നും ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. ഡോ: എം.കെ മുനീര്‍ എംഎല്‍.എ ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു.

വിശ്വാസരാഹിത്യമാണ് മനുഷ്യാവകാശ നിഷേധങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും പുതുതലമുറക്ക് മതമൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ. എന്‍. എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ മോഡറേറ്റര്‍ ആയി. കെ.എസ്.യു ജില്ല പ്രസിഡണ്ട് സനൂജ് കുരുവട്ടൂര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, മുസ്ലിം ലീഗ് മണ്ഡലം ജന:സെക്രട്ടറി അര്‍ശുല്‍ അഹമ്മദ്, ഡി. വൈ. എഫ് ഐ പ്രതിനിധി ഹംദി എഷ് റ, ഐ എസ്. എം ജില്ല വൈസ് പ്രസിഡണ്ട് മിസ്ബാഹ് ഫാറൂഖി, എം.കെ സഫറുള്ള, ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.വി. മെഹബൂബ്, സി. എന്‍. ബിച്ചു, അസ്‌ക്കര്‍ കുണ്ടുങ്ങല്‍, മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.