റിപ്പബ്ലിക് ദിനത്തില്‍ സുനീഷിന് സ്വപ്ന സാക്ഷാത്കാരം

Kottayam

എലിക്കുളം: പഞ്ചായത്തിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ മാജിക് വോയ്‌സിലെ മുഖ്യ ഗായകനും ഭിന്നശേഷിക്കാരനുമായ സുനീഷ് ജോസഫിന് ഇത്തവണത്തെ റിപ്പബ്ലിക് ദിനം മറക്കാനാവില്ല. .പരസഹായമില്ലാതെ സഞ്ചരിക്കാന്‍ സ്വന്തമായി ഒരു വാഹനമായി. ജീവിതത്തിലെ ദുരിതവഴികളിലൂടെ സഞ്ചരിച്ച് കുരുവിക്കൂട് കവലയില്‍ സ്വന്തമായി കോമണ്‍ സര്‍വ്വീസ് സെന്റര്‍ നടത്തി വന്നിരുന്ന സുനീഷിന്റെ സ്വപ്നമായിരുന്നു സ്വന്തമായി സഞ്ചരിക്കുക എന്നത്.

പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടിനോട് തന്റെ ഈ ആഗ്രഹം അറിയിച്ചു. മാത്യൂസ് ആ സ്വപ്നം സഫലമാക്കാമെന്ന് ഉറപ്പും നല്കി. മാത്യൂസിന്റെ വിദേശ മലയാളികളായ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചതോടെ അവര്‍ മുന്‍കൈയെടുത്ത് തൃശൂരുള്ള ഒരു കമ്പിനിവഴി അത് സാധ്യമാക്കി. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക് വീല്‍ ചെയര്‍ അങ്ങിനെ സുനീഷിന് സ്വന്തമായി.

ഇലക്ട്രിക് വീല്‍ ചെയര്‍ സുനീഷിന് കൈമാറി മാണി സി. കാപ്പന്‍ എം.എല്‍.എ. വീല്‍ ചെയര്‍ വിതരണം ഉദ്ഘാടനം ചെയ്തു. മാജിക് വോയ്‌സ് രക്ഷാധികാരിയും പഞ്ചായത്തംഗവുമായ എസ്. ഷാജി അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് മുഖ്യ പ്രഭാഷണം നടത്തി. എലിക്കുളം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സിനി ജോയ്, കെ.എം. ചാക്കോ, ഉരുളികുന്നം എന്‍.എസ്.എസ്.കരയോഗം പ്രസിഡന്റ് ഈ .ആര്‍ . സുശീല പണിക്കര്‍ , ഇ പി.കൃഷണന്‍, നിറവ് 60 @ സെക്രട്ടറി വി.പി.ശശി.,ശശീന്ദ്ര മാരാര്‍, കെ.എന്‍. ഷീബ എന്നിവര്‍ സംസാരിച്ചു.സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി പറഞ്ഞ് സുനീഷ് ജോസഫ് തന്റെ മറുപടി പ്രസംഗം വികാര ഭരിതമാക്കി. ഭിന്നശേഷിക്കാരുടെ പഞ്ചായത്തല കോര്‍ഡിനേറ്റര്‍ മാത്യൂസ് പെരുമനങ്ങാട് സ്വാഗതവും മാജിക് വോയ്‌സ് കോ ഓര്‍ഡിനേറ്റര്‍ ടോജോ കോഴിയാ റ്റുകുന്നേല്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ മാജിക് വോയ്‌സിലെ മറ്റു കലാകാരന്മാരെ എം.എല്‍.എ. പൊന്നാട അണിയിച്ച് ആദരിച്ചു.സന്തോഷ നിമിഷങ്ങള്‍ക്ക് നിറം പകര്‍ന്ന് മാജിക് വോയ്‌സിലെ കലാകാരന്മാരുടെടെ ഗാനമേളയും ഉണ്ടായിരുന്നു.