സ്ലോവാക്യന്‍ പെണ്‍കുട്ടിയുടെ ദുരൂഹ ജീവിതവുമായി നൈറ്റ് സൈറണ്‍

Cinema News

തിരുവനന്തപുരം: പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടി തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തുന്ന സ്ലോവാക്യന്‍ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹൊറര്‍ ചിത്രം നൈറ്റ് സൈറണ്‍ രാജ്യാന്തര മേളയുടെ ലോക സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അഭിനേത്രി കൂടിയായ തെരേസ നൊവോട്ടോവ സംവിധാനം ചെയ്ത ചിത്രം ലക്കാര്‍ണോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയിട്ടുണ്ട്.

സര്‍ലോട്ട എന്ന 30കാരി സത്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ തന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും വിലയിരുത്തുന്നു. സര്‍ലോട്ടയ്ക്കുമേല്‍ ഗ്രാമവാസികള്‍ മന്ത്രവാദവും കൊലപാതകവും ആരോപിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത്. പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന ചിത്രം ഏഴു അദ്ധ്യായങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ ഡാനിഷ് കാഴ്ചകളുമായി അണ്‍റൂളി

സ്വന്തം ശരീരത്തിന്മേല്‍ അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ കഥ പറയുന്ന ഡാനിഷ് ചിത്രം അണ്‍റൂളി രാജ്യാന്തര മേളയില്‍ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

1930 കളില്‍ ഡെന്മാര്‍ക്കില്‍ നിലനിന്നിരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്യുന്ന പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം രാജ്യത്തെ സ്വാതന്ത്ര്യരാഹിത്യത്തെയാണ് വരച്ചുകാട്ടുന്നത്.

മലൗ റെയ്മണ്‍ ആണ് ടൊറന്റോ ഉള്‍പ്പെടെ വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക .ഡിസംബര്‍ 13 ന് ന്യൂ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക .

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ടോറി ആന്‍ഡ് ലോകിത

ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആന്‍ഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാടന ചിത്രമാകും. ടോറിയും ലോകിതയും അഭയാര്‍ത്ഥി ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാന്‍ മേളയില്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.

ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനചടങ്ങുകള്‍ക്കു ശേഷം നിശാഗന്ധി തിയേറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *