ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച 2, 3, 13, 14 വാര്‍ഡുകളിലെ വീടുകളില്‍ കയറിയുള്ള സര്‍വ്വെ വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവര ശേഖരണം ആരംഭിച്ചു. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി അവരെ ഹോം ക്വാറന്റെയിനില്‍ നില്‍ക്കാനും ചുമ, പനി, ഛര്‍ദ്ദി, തലകറക്കം പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടോ എന്നും ഇതിലൂടെ കണ്ടെത്തും. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ഡ് മെമ്പര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും വിളിക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോഡിനേറ്റര്‍ ഡോക്ടര്‍ ബിന്ദു, ഡേ: രജസി, ഡോ: കെ വി അമൃത, ഡോക്ടര്‍ സാജന്‍ എന്നിവരങ്ങുന്ന സംഘം മംഗലാട്ടെ മരണ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയുകയും വവ്വാലുകള്‍ കടിച്ച അടക്കകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ വിദഗ്ദ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വവ്വാലുകള്‍ കടിച്ച പഴങ്ങള്‍, അടക്കകള്‍ തുടങ്ങിയവ കൈ കൊണ്ട് സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പിട്ട് കഴുകണമെന്ന് മെമ്പര്‍ പറഞ്ഞു. ഒപ്പം തന്നെ മംഗലാട്ടുള്ള വാഹനഗതാഗതം വടകര സി.ഐ പി.എം. മനോജിന്റെ നേതൃത്വത്തില്‍ അടച്ച് പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്. വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ വെള്ളിയാട്ട് അഷറഫ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സജീവന്‍, ജെ.എച്ച് ഐ സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.