കൊച്ചി: കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പെന്ന് സൂചന. സംഘം യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നും സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് ഇത്തരമൊരു സംശയത്തിന് കാരണം.
ഇവര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃദഹേങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയിരുന്നത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു ഉണ്ടായിരുന്നത്.
ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി ഇന്നലെ രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല. ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടത്.