‘മലയാളം’ തീയേറ്ററുകളില്‍ നിറഞ്ഞു നിന്ന മേളയിലെ ഞായറാഴ്ച

Cinema News

എ വി ഫര്‍ദിസ്

തിരുവനന്തപുരം: പേരില്‍ കേരളമുണ്ടായിരുന്നെങ്കിലും ആദ്യകാലങ്ങളില്‍ മലയാള സിനിമക്ക് ഐ എഫ് എഫ് കെയില്‍ കാണികളെ കിട്ടുകയെന്നത് ഏറെ പ്രയാസപ്പെട്ട കാര്യമായിരുന്നെങ്കില്‍ ഇപ്പോള്‍ നേരെ മറിച്ചാണ് സ്ഥിതി. മലയാള സിനിമകള്‍ കാണുവാന്‍ ഓടിയെത്തുന്ന പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞു നില്ക്കുകയാണ് തീയേറ്ററുകള്‍.

കഴിഞ്ഞ ദിവസം മലയാള സിനിമാ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് കാണുവാന്‍ തീയേറ്ററിലെത്തിയ അത്ര തന്നെ പ്രേക്ഷകര്‍ തീയേറ്ററില്‍ കയറുവാന്‍ കഴിയാതെ പുറത്തു നില്ക്കുകയായിരുന്നു. റിസര്‍വേഷന്‍ കിട്ടാത്ത ഇവര്‍ സിനിമാ പ്രദര്‍ശനം തീരുന്നതുവരെ ഇവര്‍ പുറത്തു പ്രതിഷേധിച്ചിരിക്കുകയായിരുന്നു.

ആണ് (സിദ്ധാര്‍ത്ഥ ശിവ), ആയിരത്തൊന്നു നുണകള്‍ (കെ വി തമര്‍) ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും (സതീഷ് ബാബു സേനന്‍ ആന്റ് സന്തോഷ് ബാബു സേനന്‍), ഗ്രെയിറ്റ് ഡിപ്രഷന്‍ (എച്ച്. അരവിന്ദ് ), വഴക്ക് (സനല്‍ കുമാര്‍ ശശിധരന്‍ ) തുടങ്ങി ആറ് മലയാള സിനിമകളാണ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ പലതും അവതരണത്തിലെ പുതുമ കൊണ്ടും പ്രമേയ തെരഞ്ഞെടുപ്പ് കൊണ്ടും ലോകത്തിലെ പ്രമുഖ മേളകളിലെത്തുന്ന പ്രമുഖ ചലച്ചിത്രങ്ങളുടെ നിലവാരത്തിലുള്ളവയുമായിരുന്നു. ഇതിനുദാഹരണമാണ് മത്സര വിഭാഗത്തിലെ മഹേഷ് നാരായണന്റെ അറിയിപ്പ്. ലുക്കാനോ, വുസാനോ, ലണ്ടന്‍, ധാക്ക എന്നിങ്ങനെ ചലച്ചിത്രോത്സവങ്ങളിലൂടെ സിനിമ അംഗീകരിക്കപ്പെടുന്നതിന് പ്രധാന കാരണം, സിനിമയുടെ പ്രമേയം തന്നെയാണ്.

ഇതുപോലെ തന്നെയാണ് ഇന്നലെ പ്രദര്‍ശിപ്പിച്ച സനലിന്റെ വഴക്ക് എന്ന സിനിമയും. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ദൃശ്യ വിസ്മയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, ഈ സിനിമയുടെ ആദ്യ ഷോട്ടുകളും സീനുകളുമെല്ലാം പെഡ്രോ ആല്‍മ ഡ്രോവിന്റെ, സിനിമകള്‍ കാണുമ്പോഴുള്ള അനുഭൂതിയാണ് നല്കുന്നത്.

ആദിയില്‍ രൂപം കൊണ്ട ഈ മഹാ പ്രപഞ്ചത്തിന്റെ ഗ്രാഫിക്കല്‍ കാഴ്ചകളിലൂടെ ഭൂമിയിലേക്കും അവിടെ നിന്നും കേരളത്തിലെ ഒരു മലയോര പ്രദേശത്തിന്റെ കാഴ്ചയിലുമെത്തുന്ന സിനിമ. ഈഗോ നിറഞ്ഞ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന ചിന്തയാണ് കാഴ്ചയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കിട്ടുകൊടുക്കുന്നത്. സിനിമയുടെ പ്രമേയം പ്രേക്ഷകനെ തീയേറ്ററിനു ശേഷവും ആശങ്ക കുലനാക്കുന്നുവെന്നതിനോടൊപ്പം സമാനതകളില്ലാത്ത ക്യാമറാ കാഴ്ചകളും, പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവുമെല്ലാം പ്രേക്ഷകന്റെ ശ്രദ്ധയെ പൂര്‍ണമായി സ്‌ക്രീനില്‍ പിടിച്ചിരുത്തുവാന്‍ പോന്നതു തന്നെയാണ്.

സംവിധായകന്‍ സലീം അഹമ്മദ് നിര്‍മിച്ച ആയിരത്തൊന്നു നുണകള്‍, ഡോ. ബിജുവിന്റെ ദി പോര്‍ട്രെയിറ്റ്, വേട്ടപട്ടികളും ഒറ്റുകാരുമടക്കമുള്ള മറ്റു മലയാള ചലച്ചിത്രങ്ങളുമെല്ലാം ഇത്തരത്തില്‍ വേറിട്ട കാഴ്ചാനുഭവം തന്നെയാണ് നല്കുന്നത്.

ഇന്നും അഞ്ച് മലയാള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ തങ്ങളുടെ പൗരന്മാരായാലും കുടിയേറ്റക്കാരായാലും കാണിക്കുന്ന, വിവേചനങ്ങളും വര്‍ണവെറിയെക്കുറിച്ചുമെല്ലാം എപ്പോഴും ആശങ്കയോടെ ദൈന്യതയുള്ള കാഴ്ചകള്‍ മുന്നോട്ടു വെക്കുന്നതിന്റെ ആവര്‍ത്തന കാഴ്ച മുന്നോട്ടു വെക്കുകയായിരുന്നു മത്സര വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ച പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ നോ ബീയേഴ്‌സും ഐ ദന്‍ ഹേഗലിന്റെ ഇസ്രായേലി ചലച്ചിത്രമായ കണ്‍സേര്‍ഡ് സിറ്റിസണുമെന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *