തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അറ്റ്‌ലസ് രാമചന്ദ്രന് മേളയുടെ ആദരം. ഭരതന്‍ ചിത്രം വൈശാലി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മേള സിനിമയുടെ നിര്‍മ്മാതാവിന് സ്മരണാഞ്ജലി ഒരുക്കിയത്.
പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന അനുസ്മരണത്തില്‍ ചിത്രത്തിലെ ലോമപാദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബു ആന്റണിയും പങ്കെടുത്തു. രാമചന്ദ്രനും വൈശാലിയും തന്റെ കലാജീവിതത്തിലെ നാഴിക കല്ലുകളാണെന്നും ഒരു വ്യവസായി എന്നതിലുപരി കലാസ്‌നേഹി എന്ന നിലയിലാണ് രാമചന്ദ്രന്‍ അനുസ്മരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുത്തു.
പ്രേക്ഷകന്റെ ആരവം സംഗീതജ്ഞന്റെ ആത്മസംതൃപ്തിയെന്ന് ജോണി ബെസ്റ്റ്
നിശബ്ദ ചിത്രങ്ങള്‍ക്ക് അകമ്പടിയായി തത്സമയ സംഗീതം ഒരുക്കുമ്പോള്‍ പ്രേക്ഷകന്റെ ആരവമാണ് സംഗീതജ്ഞന്റെ ആത്മസംതൃപ്തിക്ക് ഇന്ധനമാകുന്നതെന്ന് പ്രശസ്ത പിയാനിസ്റ്റ് ജോണി ബെസ്റ്റ്.
നോസ്‌ഫെറാറ്റു പോലെയുള്ള നിശബ്ദ ഹൊറര്‍ ചിത്രങ്ങള്‍ക്ക് അകമ്പടിയാകാന്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് അനന്ത സാധ്യതകള്‍ ഉണ്ടെന്നും മീഡിയാ സെന്ററിന് അനുവദിച്ച മുഖാമുഖത്തില്‍ പറഞ്ഞു. തത്സമയ സംഗീതം സദസ്സില്‍ സൃഷ്ടിക്കുന്നത് സവിശേഷമായ ഊര്‍ജ്ജമാണ്. തത്സമയ സംഗീതം ലളിതവും ഒഴുക്കുള്ളതും ചലച്ചിത്ര രംഗത്തോട് നീതി പുലര്‍ത്തുന്നതുമാകണം. കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന രീതി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഫൂളിഷ് വൈഫ് എന്ന ചിത്രത്തിന് താന്‍ ആദ്യമായാണ് സംഗീതം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്തൃ സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നുവെന്ന് ഷാജി എന്‍ കരുണ്‍
എന്തിനെയും ലാഭക്കണ്ണുകളോടെ കാണുന്ന സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍.കാലത്തെ അതിജീവിക്കുന്നവയാണ് സിനിമ എന്ന മാധ്യമമെന്നും യഥാര്‍ത്ഥ വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് ഇന്‍ കോണ്‍വെര്‍സേഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര മേളകള്‍ കാണികളില്‍ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാന്‍ സഹായകരമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും സിനിമ എടുക്കാവുന്ന അവസ്ഥയിലേക്ക് കാലം മാറിയത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഉതകുമെന്നും എഴുത്തുകാരിയയായ മാലതി സഹായ് പറഞ്ഞു.സംവിധായകന്‍ ജബ്ബാര്‍ പട്ടേലും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിത്യ ലളിത കെ പി എ സി ലളിതയുടെ അഭിനയജീവിതം പ്രകാശിപ്പിച്ചു
അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം കെ പി എ സി ലളിതയുടെ അരനൂറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ നിത്യ ലളിത കെ പി എ സി ലളിതയുടെ അഭിനയജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു.എസ് .ശാരദക്കുട്ടി രചിച്ച പുസ്തകം നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന് നല്‍കിയാണ് പ്രകാശിപ്പിച്ചത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ്, കെ പി എ സി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍, എസ് ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ തിങ്കളാഴ്ച ഫൂളിഷ് വൈഫ്‌സ്
ഹോളിവുഡില്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ആദ്യ മില്യണ്‍ ഡോളര്‍ ചിത്രം ഫൂളിഷ് വൈഫ്‌സ് രാജ്യാന്തര മേളയില്‍ നാളെ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ പ്രദര്‍ശിപ്പിക്കും. വിഖ്യാത പിയാനിസ്‌റ് ജോണി ബെസ്റ്റാണ് ചിത്രത്തിന് തത്സമയ സംഗീതം ഒരുക്കുന്നത്.
വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. സമ്പന്നരായ സ്ത്രീകളെ വശീകരിക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു മോഷ്ടാവിന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. മേളയിലെ ചിത്രത്തിന്റെ ഏക പ്രദര്‍ശനം കൂടിയാണ് തിങ്കളാഴ്ച നടക്കുക.