തലച്ചോറിന് ഭാരം നല്‍കുന്നതല്ല മനസ്സിന് ശിക്ഷണം നല്‍കുന്നതാകണം വിദ്യാഭ്യാസം’: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Thiruvananthapuram

നാഷണല്‍ കോളേജില്‍ ‘മെരിറ്റോ നാഷണല്‍ 2023’ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തലച്ചോറിന് ഭാരം നല്കുന്നതുമാത്രമാകരുത് വിദ്യാഭ്യാസമെന്നും അത് മനസ്സിന് ശിക്ഷണം നല്‍കുന്നതും ചുറ്റുപാടുകളെക്കുറിച്ച് അറിവും സഹജീവി സ്‌നേഹവും ആയിരിക്കണമെന്നും നാഷണല്‍ കോളേജില്‍ മെറിറ്റോ നാഷണല്‍ 2023 ഉദ്ഘാടനം ചെയ്തുകൊണ്ട് തുറമുഖ, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവ് നേടുകയും സഹജീവി സ്‌നേഹവും വളര്‍ത്തിയെടുത്താല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തിയാകുകയുള്ളു. അറിവ് നേടുന്നതിനേക്കാള്‍ പ്രധാനം തിരിച്ചറിവുണ്ടായിരിക്കുക എന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ വിഷയങ്ങളില്‍ ഒന്നുമുതല്‍ പത്തുവരെ റാങ്ക് നേടിയ പതിനെട്ടോളം വിദ്യാര്‍ത്ഥികളെയും നാഷണല്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ചപ്രകടനം കാഴ്ചവെച്ച് മെഡല്‍ നേടിയ 8 വിദ്യാര്‍ത്ഥികളെയും കേരളയൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ഒന്നാം റാങ്ക് നേടിയ 2 വിദ്യാര്‍ത്ഥികളെയും വേദിയില്‍ മൊമെന്റോ നല്‍കി അനുമോദിച്ചു. നാഷണല്‍ കോളേജിലെ ‘പഠനമാണ് ജീവിതം’ എന്ന മെഗാപ്രോജെക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മെരിറ്റോ നാഷണല്‍ 2023’ എന്ന ചടങ്ങില്‍ മനാറല്‍ ഹുദ ട്രസ്റ്റിന്റെ ഫിനാന്‍സ് ഡയറക്ടര്‍ C.A. രാഹുല്‍ .എസ് .ആര്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എസ് എ ഷാജഹാന്‍ സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് അഡൈ്വസര്‍ ഉബൈദ്, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ ഫാജിസ ബീവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഡാനിയേല്‍ കൃതജ്ഞത അറിയിക്കുകയും ചെയ്തു.