ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ്

Kerala

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് നല്കി. ഈ മാസം 18നുമുമ്പ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസയച്ചത്.

കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിക്കവെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതയാണ് പരാതി. ഐ പി സി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ പോലീസെത്തി സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ട് വീണ്ടും തോളത്ത് കൈ വെച്ച വീഡിയോ ദൃശ്യം ഏറെ പ്രചരിച്ചതോടെയാണ് വിവാദമായത്.