കോളജ് വിദ്യാര്‍ത്ഥിനി സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: കോളെജ് വിദ്യാര്‍ത്ഥിനി സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപിക ഭവനില്‍ ഉദയിന്റെയും നിഷയുടെയും മകളും മാര്‍ ഇവാനിയോസ് കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഗോപിക ഉദയ്(20) ആണ് മരിച്ചത്.

പി എം ജിയില്‍ ഇന്നലെ രാത്രി 7.30ഓടെ ആയിരുന്നു അപകടം. സഹോദരി ജ്യോതികയ്‌ക്കൊപ്പം ജിംനേഷ്യത്തില്‍ പോയ ശേഷം നിഷയുടെ മരപ്പാലത്തുള്ള ഫ്‌ളാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്.

പി എം ജിയില്‍ സമീപത്തുകൂടി പോയ കെ എസ് ആര്‍ ടി സി ബസിന്റെ പിറകിലെ വലതുവശത്തെ ടയര്‍ പൊട്ടി പഞ്ചറായി. ടയര്‍ പൊട്ടിയപ്പോഴുണ്ടായ വന്‍ശബ്ദം കേട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് ഗോപിക റോഡില്‍ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

ഗോപിക ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി ജ്യോതികയ്ക്ക് കാര്യമായ പരിക്കുകളില്ല.