ചിത്രങ്ങളെയും സംവിധായകരെയും കാത്ത് പതിനൊന്നു പുരസ്‌ക്കാരങ്ങള്‍, IFFK സമാപനത്തിലേക്ക്

Cinema

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സുവര്‍ണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യന്‍ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് ,കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് ,ലൈഫ് ടൈം അച്ചീവ്‌മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്‌കാരങ്ങളാണ് നല്‍കുക.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാര്‍ജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്‌കാരങ്ങള്‍ക്കൊപ്പം നല്‍കുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് നല്‍കുന്നത്.

സിനിമാരംഗത്ത് സംവിധായകര്‍ക്കു നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്‌കാരങ്ങളും അക്കാദമി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് സമ്മാനത്തുക.