വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
ശബരിമല: ശരണമന്ത്രങ്ങള്‍ മുഴങ്ങി നിന്ന സായംസന്ധ്യയില്‍ ശബരീശന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ 27 ഉച്ചയ്ക്കു നടക്കും. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കിക്ക്് സന്നിധാനത്തു ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്ക അങ്കി 1973ല്് നടയ്ക്കു വച്ചത്. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് പോലീസ് അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ പി. നിഥിന്‍രാജ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്. ശാന്തകുമാര്‍, സോപാനം സ്‌പെഷല്‍ ഓഫീസര്‍ സുനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ. സുനില്‍ അരുമാനൂര്‍ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍, ദേവസ്വം ബോര്‍ഡ് വിജിലന്‍സ് സൂപ്രണ്ട് സുബ്രഹ്മണ്യന്‍, ശബരിമല സ്‌പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് എന്നിവര്‍ ചേര്‍ന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. തുടര്‍ന്നു സോപാനത്തില്‍ വച്ച് തന്ത്രി കണ്ഠര് രാജീവരും സഹശാന്തിമാരും ചേര്‍ന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. ശേഷം 6.35ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടര്‍ന്നു ഭക്തര്‍ക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ അവസരം ഒരുക്കി.