മുജാഹിദ് സമ്മേളനം: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി

Gulf News GCC News

മനാമ: കേരള നദ്‌വത്തുല്‍ മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി. ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നു വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് സമ്മേളനം നടക്കുന്നത്. ബഹ്‌റൈനിലെ പ്രചാരണ ഉദ്ഘാടനം മനാമ കെ എം സി സി ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി പ്രമേയം വിശദീകരിച്ചു. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സംഘടന പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മതനേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സൗഹൃദസംഗമം ഇന്ന് സഗയ്യ റസ്റ്റാറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതവും മതവിശ്വാസവും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും മതത്തിന്റെ പേരില്‍ സംഘര്‍ഷവും ശത്രുതയും സൃഷ്ടിക്കാന്‍ പലരും ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഈ പ്രമേയത്തിലൂടെ ഐക്യത്തിന്റെയും ഒരുമയുടെയും ശക്തമായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

പത്താമത് സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം എന്നിവക്കു പുറമേ ആദര്‍ശ സമ്മേളനം, വിദ്യാര്‍ഥിയുവജന സമ്മേളനം, വനിത സമ്മേളനം, ലഹരിവിരുദ്ധ സമ്മേളനം, ഭിന്നശേഷി സമ്മേളനം, മതസൗഹാര്‍ദ സമ്മേളനം തുടങ്ങിയവ നടക്കും. മുന്നൂറോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ലോകപ്രശസ്ത പണ്ഡിതന്മാരും ഇന്ത്യയിലെ മത, രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളിലെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് മൂസ സുല്ലമി, ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി, അഡൈ്വസര്‍ അബ്ദുല്‍ മജീദ് തെരുവത്ത് (കുറ്റിയാടി), പി പി നൗഷാദ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *