ഉണ്ണി മുകുന്ദന്‍ നിഖില വിമല്‍ കോംബോയില്‍ ‘ഗെറ്റ് സെറ്റ് ബേബി’; ചിത്രീകരണം ആരംഭിച്ചു

Cinema

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമന്‍, സുനില്‍ ജയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം.

ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ഈ വിഷയം പ്രതിപാദിക്കുന്നൊരു സിനിമ ആദ്യമായിട്ടായിരിക്കും മലയാളത്തില്‍.

മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മറ്റുചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകള്‍ പ്രത്യാശിക്കുന്നു. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം സാം സിഎസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്.