കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഉണര്‍ന്നിരിക്കാനും ഉയര്‍ന്നിരിക്കാനും പറഞ്ഞ് കുട്ടിക്കൂട്ടം. ബാലുശ്ശേരി ഉപജില്ലയിലെ മുണ്ടക്കര എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കലോത്സവ വേദിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി സംഗീത നാടക ശില്പം അവതരിപ്പിച്ചത്.
ജില്ലാ എക്‌സൈസ് വകുപ്പും വിമുക്തി മിഷനും മുണ്ടക്കര എ.യു.പി സ്‌കൂളും ചേര്‍ന്നാണ് ‘ഉണര്‍ന്നിരിക്കുക ഉയര്‍ന്നിരിക്കുക’ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സംഗീത നാടക ശില്പം ഒരുക്കിയത്.
കേരള സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ച് വേദിയിലെ സാംസ്‌കാരിക സദസ്സിനു മുന്നില്‍ അവതരിപ്പിച്ച നാടക ശില്പം കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നാടകം അവതരിപ്പിച്ച കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് സമ്മാന വിതരണം നടത്തി. സാംസ്‌കാരിക വേദി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എ.പ്രദീപ്കുമാര്‍ കുട്ടികളെ അനുമോദിച്ചു.
എം.കെ.രവിവര്‍മ്മയാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചത്. ബാബു തച്ചനാടിന്റെ ഗാനങ്ങള്‍ക്ക് നവോദയ ബാലകൃഷ്ണനാണ് സംഗീതം നല്‍കിയത്. മനോജ് ബാലുശ്ശേരിയുടെ സംവിധാനത്തില്‍ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് നാടകത്തില്‍ വേഷമിട്ടത്. രക്ഷിതാക്കളുടെയും അധ്യാപകരുടേയും പിന്തുണ നാടക സംഘത്തിനുണ്ട്.