സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി മാറും: മുഖ്യമന്ത്രി

Kerala

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും വൈകാതെ ഓണ്‍ലൈനായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 900 ത്തോളം സേവനങ്ങള്‍ ഓണ്‍ലൈനായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അഴിമതി കാണിക്കുന്നവരോട് ഒരു ദയയുമുണ്ടാവില്ല. നിരവധി അനുഭവങ്ങളിലൂടെ സര്‍ക്കാരിന്റെ കരുതല്‍ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങള്‍. 63 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍, 43 ലക്ഷം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, 2.31 ലക്ഷം പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചു. 600 രൂപയില്‍ നിന്ന് 1,600 രൂപയാക്കി ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഫീസുകളില്‍ സേവനം തേടി എത്തുന്നവര്‍ ഔദാര്യത്തിനു വേണ്ടിയല്ല തങ്ങളുടെ അവകാശം തേടിയാണ് എത്തുന്നതെന്ന മനോഭാവം ഉദ്യോഗസ്ഥരില്‍ ഉണ്ടാവണം. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രമായി സര്‍ക്കാരിന്റെ കരുതല്‍ ഒതുങ്ങി നിന്നില്ല. പ്രളയങ്ങള്‍, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ കേരളം മാതൃക തീര്‍ത്തു. അന്നന്നത്തെ അന്നത്തിനായി തൊഴില്‍ എടുക്കുന്നവര്‍ പട്ടിണി കിടക്കാന്‍ പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നര ലക്ഷത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. 14 ലക്ഷത്തോളം പേര്‍ക്കാണ് ഇതുവഴി പാര്‍പ്പിടമൊരുങ്ങിയത്. സാങ്കേതിക സാക്ഷരത കൈവരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. കമ്പ്യൂട്ടര്‍ സാക്ഷരത എല്ലാവര്‍ക്കും ലഭിക്കണം. ഇക്കാര്യത്തില്‍ വലിയ മാറ്റം വരാന്‍ പോവുകയാണ്. ജീവനക്കാര്‍ക്കാവശ്യമായ സാങ്കേതിക പരിശീലനം നല്‍കും.ആവശ്യമായ വൈ ഫൈ സൗകര്യം എല്ലായിടത്തും ഉറപ്പുവരുത്തും. വീടുകള്‍ എല്ലായിടത്തും കെ ഫോണുമായി ബന്ധിപ്പിക്കും.
സംസ്ഥാനത്ത് 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. ഇതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 765 എണ്ണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. രണ്ടാം വര്‍ഷത്തില്‍ എത്രത്തോളം പുരോഗതി കൈവരിച്ചു എന്നറിയാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tagged