മഞ്ചേരി സി എസ് ഐ പള്ളിയുടേത് യഥാര്‍ത്ഥ കേരള സ്റ്റോറി, പള്ളിയിലെത്തി നന്ദിയറിയിച്ച് ഡോ ഹുസൈന്‍ മടവൂര്‍

Kerala

മലപ്പുറം: ഭിന്നിപ്പിന്റെ കേരള സ്റ്റോറിയുമായി ചിലരിറങ്ങിയപ്പോള്‍ ചേര്‍ത്തുപിടിക്കലിന്റെയും മതസൗഹാര്‍ദത്തിന്റെയും യഥാര്‍ത്ഥ കേരള സ്റ്റോറിയൊരുക്കിയ മഞ്ചേരിയിലെ സി എസ് ഐ നിക്കോളസ് പള്ളിയില്‍ നന്ദിയും കടപ്പാടുമായി പ്രമുഖ ഇസ്ലാമിക പണ്ഡിതനും കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ ഹുസൈന്‍ മടവൂര്‍ എത്തി. ഇടക വികാരി ഫാദര്‍ ജോയ് മസിലമണിയോടുള്ള കടപ്പാട് നേരിട്ട് രേഖപ്പെടുത്താനാണ് ഡോ. ഹുസൈന്‍ മടവൂര്‍ മഞ്ചേരി ഇടക ചര്‍ച്ചില്‍ എത്തിയത്.

എല്ലാ വര്‍ഷവും സമീപത്തെ സര്‍ക്കാര്‍ യു പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഈദ് ഗാഹ് നടന്നുവന്നിരുന്നത്. എന്നാല്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈദ് ഗാഹ് നടത്താന്‍ സാധിക്കാതെ വന്നു. ഇതോടെ മറ്റൊരു വേദിക്കായി ഈദ്ഗാഹ് കമ്മിറ്റി ശ്രമിക്കുന്നതറിഞ്ഞാണ് ചര്‍ച്ചിന്റെ കോംപൗണ്ടില്‍ ഇതിനായി സൗകര്യം നല്‍കിയത്. സൗഹൃദത്തിന്റെ പെരുന്നാളിന് കളമൊരുക്കി മഞ്ചേരി സംയുക്ത ഈദ്ഗാഹിന് ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് സ്ഥലമനുവദിച്ചത് നന്ദിയോടെ സ്മരിക്കുകയാണെന്നും ഉദാത്ത മാതൃകയാണിതെന്നും ഡോ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

വിശേഷ ദിനത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിഞ്ഞതില്‍ പള്ളി വികാരി ഫാ. ജോയ് മസ്സിലാമണി നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇത്തരം അവസരങ്ങളില്‍ പരസ്പരം സ്‌നേഹത്തോടെ ഒന്നിച്ചുപോകാനുള്ള ശ്രമമുണ്ടാകണമെന്നും അത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി. ഹംസ സുല്ലമി, പി. കെ. ഇസ്മായില്‍ എഞ്ചിനീയര്‍, കെ. എം. ഹുസൈന്‍, കെ.ഷുക്കൂര്‍, മാടായി ലത്വീഫ്, റാഫി എന്നിവരും ഡോ ഹുസൈന്‍ മടവൂരിന്റെ കൂടെയുണ്ടായിരുന്നു.