ലോക ഭൗമ ദിനാചരണം നടത്തി

Kozhikode

കോഴിക്കോട് : പാരമ്പര്യേതര ഊർജം സംരക്ഷിച്ച് നമ്മുടെ ഭൂമിയെ രക്ഷിക്കൂ എന്ന മുഖ്യവിഷയത്തിൽ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. എൻ.ദിവ്യ ക്ളാസ് എടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി എം.ടി. ശിവരാജൻ അധ്യക്ഷനായി.

കേരള വനം – വന്യജീവി വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെ സാംസ്കാരിക പ്രവർത്തകർക്കായി ലോകജല ദിനത്തിൽ കടലുണ്ടി കമ്മ്യൂണിറ്റി റിസർവിലേയ്ക്ക് നടത്തിയ പരിസ്ഥിതി പഠന യാത്രയിലെ സർഗ്ഗാത്മക ഇടപെടലുകൾ നടത്തിയ ആർട്ടിസ്റ്റ് റോയ് കാരാത്ര ( തത്സമയ ചിത്രീകരണം), ഹരീന്ദ്രനാഥ് എ. എസ്. (റിപ്പോർട്ടിംഗ്), ഡഗ്ളസ് ഡി സിൽവ ( ഐ.ടി. കോർഡിനേഷൻ ) , മേരി ശശിധരൻ ( പാരിസ്ഥിതിക ഇടപെടൽ ),വി. തങ്ക പ്രസാദ് ബേപ്പൂർ (കവിത) എന്നിവർക്ക് ആദര പത്രിക ഉദ്ഘാടക സമ്മാനിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.

ഇരിങ്ങാടൻ പള്ളി ശാന്തി യോഗ ഡയറക്ടർ ജിനീഷ്, ദർശനം സാക്ഷരത വേദി കൺവീനർ പ്രസന്നനമ്പ്യാർ, ബാലവേദി മെൻ്റർ പി.തങ്കം എന്നിവർ ആശംസ നേർന്നു. 20 ദിവസം നീണ്ടുനിന്ന യോഗ പരിശീലനം പൂർത്തിയാക്കിയ 50 വിദ്യാർത്ഥികൾക്കും 30 വനിതകൾക്കും സർട്ടിഫിക്കറ്റു കളും നിത്യവഴുതിനയുടെയും, ആനക്കൊമ്പൻ വെണ്ടയുടെയും വിത്തുകളും സമ്മാനിച്ചു. ദർശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി എം.എ. ജോൺസൺ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ ശാലിനി നന്ദിയും പറഞ്ഞു. ഇന്നലെ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെയും ദർശനം മെൻ്റർ ആയിരുന്ന നായരത്ത് രവീന്ദ്രൻ്റെയും ( മാതൃഭൂമി), ജനകീയ ഡോക്ടറും ഗവ. മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പ് മേധാവിയുമായിരുന്ന ഡോ. രാജൻ്റെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണ് ഭൗമ ദിനാചരണ പരിപാടി ആരംഭിച്ചത്.