അനധികൃത വിലവര്‍ദ്ധന; ചിക്കന്‍ വ്യാപാരികള്‍ സമരത്തിലേക്ക്, 23 മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം

Kerala

കോഴിക്കോട്: അനധികൃതമായി കോഴി വില വര്‍ദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടേയും നടപടിയില്‍ പ്രതിഷേധിച്ച് ചിക്കന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 23 മുതല്‍ അനിശ്ചിത കാലത്തേക്ക് കോഴിക്കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കന്‍ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.

കോഴി കര്‍ഷകരും തമിഴ്‌നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വര്‍ദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികള്‍. റംസാന്‍ ,ഈസ്റ്റര്‍ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വര്‍ദ്ധിപ്പിക്കല്‍ തുടരുകയാണ്. ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന്് ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. ആക്ടിങ്ങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറര്‍ സി.കെ. അബ്ദുറഹിമാന്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം മുനീര്‍ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീര്‍, ലത്തിഫ് എന്നിവര്‍ പങ്കെടുത്തു.