ഹയർസെക്കന്‍ററി പ്രവേശനം: വിവേചനം പാടില്ലെന്ന് മാനേജ്‍മെന്‍റ് അസോസിയേഷൻ

Kozhikode

കോഴിക്കോട് : ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരും വിദ്യാഭ്യാസവകുപ്പും മുന്നോട്ടുവരണമെന്ന് അസോസിയേഷൻ ഓഫ് മൈനോറിറ്റി മാനേജ്‍മെന്റ് ഇന്സ്റ്റിട്യൂഷൻസ് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പോരായ്മ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാണ്. ഹയർ സെക്കന്ററി ബാച്ചുകളുടെ പോരായ്മ കൂടുതൽ സീറ്റുകൾ അനുവദിച്ചത്കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ല. പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. സെമിനാർ അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും സംസ്ഥാനവും പ്രതേകിച്ചു മലബാർ മേഖല പിന്നിലാണ്. ഇതിനും പരിഹാരം ഉണ്ടാക്കിയെ മതിയാകൂ. അതേസമയം, സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനം പ്രതിഷേധർഹമാണ്. പാഠപുസ്തക വിതരണം, അധ്യാപകർക്കുള്ള സഹായം – പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ ഇത് പ്രകടമാണ്. സ്കൂൾ ശുചീകരണത്തിന് സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങൾക്ക് എന്ന പോലെ അൺ എയ്ഡഡ് , സി ബി എസ് ഇ , ഐ സി എസ് ഇ സ്കൂളു കൾക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കണം.

സംസ്ഥാന പ്രസിഡന്റ്‌ നിസാർ ഒളവണ്ണ അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. എം കെ ബീരാൻ, കെ പി മുഹമ്മദലി, ആഷിഖ് ചെലവൂർ, പാലക്കണ്ടി അബ്ദുൽ ലത്തീഫ്, വി രാമദാസ്, പി പി ഉമറുൽഫാറൂഖ്, ഡോ അലി അക്ബർ ഇരിവേറ്റി, പ്രൊഫ. അബ്ദുൽ ഹമീദ്, ഫൈസൽ പിലാച്ചേരി പ്രസംഗിച്ചു.