വിദ്യാഭ്യാസ അവകാശ നിയമം ശാക്തീകരിച്ചതിലൂടെ മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മറികടക്കാന്‍ കഴിഞ്ഞു: മന്ത്രി വി അബ്ദുറഹ്മാന്‍

Thiruvananthapuram

നാഷണല്‍ കോളേജിന്റെ സെമിനാര്‍ ഹാളും സെന്റര്‍ ഫോര്‍ ആഡ്ഓണ്‍ കോഴ്‌സും മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിദ്യാഭ്യാസം അവകാശമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസ പിന്നാവസ്ഥ മറികടക്കാന്‍ മലബാറില്‍ നടത്തിയത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്ന് കായിക പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. തിരുവനന്തപുരം നാഷണല്‍ കോളേജിലെ പുതിയ സെമിനാര്‍ ഹാളും ആഡ്ഓണ്‍ കോഴ്‌സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാദമിക നിലവാരത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ പുലര്‍ത്തുന്ന മികവ് കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിദ്യാഭ്യാസമാണ് കേരളത്തെ പ്രാപ്തമാക്കുന്നതെന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോധ്യമായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നാഷണല്‍ കോളേജ് പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച മാതൃയാണെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം ഡിഗ്രി കോഴ്‌സുകളുടെ പാഠ്യ പദ്ധതികള്‍ പരിഷ്‌കരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ വ്യക്തിമായ കാഴ്ചപ്പാടുകളോടെ തൊഴില്‍ നൈപുണ്യം കൈവരിക്കാന്‍ ഇന്‍സൈറ്റോ നാഷണലിന്റെ ഭാഗമായി ആരംഭിച്ച ആഡ്ഓണ്‍ കോഴ്‌സ് വിദ്യാഭ്യാസ മേഖലയിലെ പുതിയ ചുവട് വെയ്പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിന്‍സിപ്പാള്‍ ഡോ. എസ് എ ഷാജഹാന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ ഷിജു ഖാന്‍ ജെ എസ്, മുന്‍ വിംഗ് കമാന്‍ഡര്‍ പ്രമോദ് നായര്‍, ജസ്റ്റിന്‍ ഡാനിയേല്‍, സുധീര്‍ എ, അജീഷ് ജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.