കെ ടി യു ഇന്‍റർ സോൺ വോളിബോൾ മത്സരം: മികവ് കാട്ടി യുകെഎഫ് കോളേജ്

Kollam

കൊല്ലം : എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല ഇന്റർ സോൺ വോളിബോൾ പുരുഷ വിഭാഗം മത്സരത്തിൽ പാരിപ്പള്ളി യു കെ എഎഫ് എൻജിനീയറിങ് കോളേജിന് നേട്ടം. കേരള സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ സോൺ തല മത്സരങ്ങളിൽ വിജയികളായ 12 ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് ആതിഥേയരായ യു കെ എഫ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (അങ്കമാലി) ചാമ്പ്യൻമാരായി. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കൊച്ചി) റണ്ണറപ്പ് സ്ഥാനം നേടി.

യു കെ എഫ് എൻജിനീയറിങ് കോളേജിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോൾ പുരുഷ വിഭാഗം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച യു കെ എഫ് വോളിബോൾ ടീം അംഗങ്ങളായ മുഹമ്മദ് അലി അൻസാരി (മെക്കാനിക്കൽ), വൈഷ്ണവ് (ഇലക്ട്രിക്കൽ) എന്നീ വിദ്യാർത്ഥികളെ കെ ടി യു സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുത്തതും ആതിഥേയരായ യു കെ എഫിന് അംഗീകാരമായി. കൂടാതെ, കെ ടി യു സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ മത്സരത്തിനു വേണ്ടി സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന കോച്ചിംഗ് ക്യാമ്പിന് യു കെ എഫ് കോളേജിനെ തിരഞ്ഞെടുത്തു.

കെ ടി യു ഇന്റർ സോൺ വോളീബോൾ മത്സരത്തിൽ നേട്ടം കൈവരിച്ച യു കെ എഫ് വോളിബോൾ ടീമിനെയും, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ പ്രൊഫ. ഉണ്ണി സി. നായർ, ട്രെയിനറും കോച്ചുമായ നബീൽ നിസാം എന്നിവരെയും കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.