മൊബൈല്‍ഫോണ്‍ റിപ്പയറിംഗ്: ബ്രിട്ട്‌കോവേഴ്‌സ് ആപ്പ് പുറത്തിറക്കി

Gulf News GCC

ദുബൈ: മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ തയാറാക്കിയ ആപ്പിന്റെ ഉദ്ഘാടനം യൂനിവേഴ്‌സിറ്റി ഓഫ് ദുബൈ പ്രസിഡന്റ് ഡോ. ഈസ എം ബസ്തകി നിര്‍വഹിച്ചു. മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട ലോകത്തെ പ്രഥമ മെറ്റവേഴ്‌സ് ആപ്ലിക്കേഷനാണിതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തത്. ബ്രിട്ട്‌കോവേഴ്‌സ് എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷന്‍. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മെറ്റവേഴ്‌സിന്റെ വിസ്മയ ദൃശ്യാനുഭവത്തിലൂടെ ഉപയോഗിക്കാവുന്നതാണ് ഈ ആപ്ലിക്കേഷന്‍. ത്രീ ഡി മോഡല്‍ പഠന സൗകര്യത്തിലൂടെ മൊബൈല്‍ റിപ്പയിറിങ് പഠിക്കാന്‍ ഇതു പ്രാപ്തമാക്കും. സൗജന്യമായാണ് റിപ്പയറിങ് പരിശീലനം നല്‍കുകയെന്ന് ബ്രിട്ട്‌കോ ആന്റ് ബ്രിഡ്‌കോ മാനേജിങ് ഡയരക്ടര്‍ മുത്തു കോഴിച്ചെന ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ട്‌കോ ദുബൈ ഇന്‍സ്റ്റിറ്റിയൂട്ടാണ് ബ്രിട്‌കോവേഴ്‌സ് അവതരിപ്പിക്കുന്നത്. എക്‌സ് ആര്‍ ഹൊറൈസണ്‍ ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. സൈഡ് ക്വസ്റ്റ് ആപ്പ് ലാബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വി.പി.എ കുട്ടി, മുജീബ് പുല്ലൂര്‍തൊടി, മുഹമ്മദ് ഷാരിഖ്, ഡെന്‍സില്‍ ആന്റണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.