തിരുവനന്തപുരം: രാജ്യത്തെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ ഉള്‍ച്ചേരല്‍ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ) വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ (ടിഎംഎ) ട്രിമ 2023ലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ തരത്തിലുള്ള സാങ്കേതികവിദ്യകളുടെ വന്‍തോതിലുള്ള സ്വാംശീകരണം നടന്നിട്ടുള്ള ഇന്ത്യയില്‍ ഇത് നിര്‍ണായകമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
എല്ലാ തട്ടിലുള്ള ജനങ്ങള്‍ക്കും തുല്യ അവസരം കൈവരുന്നതിന് സമസ്തമേഖലകളിലും സാങ്കേതികവിദ്യയുടെ സാന്നിദ്ധ്യം പ്രധാനമാണെന്ന് സംസ്ഥാന ഇഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. ഇതു വഴി ആവാസവ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി ആനയറ ഓ ബൈ താമര ഹോട്ടലില്‍ നടന്ന ടിഎംഎ ദ്വിദിന വാര്‍ഷിക കണ്‍വെന്‍ഷനില്‍ വ്യവസായപ്രമുഖര്‍, ജനപ്രതിനിധികള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രധാന വിഷയങ്ങളില്‍ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കിട്ടു.
സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തിലൂടെ കോടിക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രാജ്യമാണ് ഇന്ത്യയെന്ന് യുപിഐ സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സിന്റെ സ്ഥാപക പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ. നന്ദകുമാര്‍ പറഞ്ഞു. സാങ്കേതിക ഉള്‍ക്കൊള്ളലിനു മികച്ച ഉദാഹരണമാണ് യുപിഐ സംവിധാനം. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനത്തിനാണ് ഏവരും പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലാഭമുണ്ടാക്കുകയെന്നതിനപ്പുറം മൂല്യാധിഷ്ഠിതമായിരിക്കണം ബിസിനസ്. സുസ്ഥിര തൊഴിലവസരം, സുതാര്യത, സമൂഹത്തിന്റെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
‘ടെക്‌നോളജി ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി’ എന്ന വിഷയത്തില്‍ കെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ മുഹമ്മദ് വൈ. സഫറുള്ള, കാന്താരി സ്ഥാപകന്‍ പോള്‍ ക്രോണന്‍ബര്‍ഗ്, എസ്സിടിഐഎംഎസ്ടിയിലെ ശാസ്ത്രജ്ഞ ഡോ. ആര്‍ എസ് ജയശ്രീ എന്നിവര്‍ സെഷനില്‍ പങ്കെടുത്ത സെഷനില്‍ ടിസിഎസിലെ സോഷ്യല്‍ ഇന്നൊവേഷന്‍സ്റ്റാര്‍ട്ടപ്പ് മെന്ററായ റോബിന്‍ ടോമി മോഡറേറ്ററായി.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതികവിദ്യയില്‍ നിന്ന് എല്ലാവര്‍ക്കും ഒരുപോലെ എങ്ങനെ പ്രയോജനം ലഭിക്കുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കാന്താരി സ്ഥാപകന്‍ പോള്‍ ക്രോണെന്‍ബര്‍ പറഞ്ഞു. സമത്വ സുന്ദരമായ സമൂഹം സൃഷ്ടിക്കുന്നതിന് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യയുടെ വിന്യാസം മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ഇന്ത്യയെ സഹായിച്ചതായി എസിടിഐഎംഎസ്ടി യിലെ ശാസ്ത്രജ്ഞ ഡോ.ആര്‍.എസ്.ജയശ്രീ പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിച്ചതിലൂടെ പകര്‍ച്ചവ്യാധി സമയത്ത് ഇകണ്‍സള്‍ട്ടന്‍സി ഉള്‍പ്പെടെയുള്ളവയിലൂടെ നിരവധി പേര്‍ക്ക് പ്രയോജനം നേടാനായെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘സസ്‌റ്റൈനബിള്‍ സൊല്യൂഷന്‍സ് ഫോര്‍ വണ്‍ വേള്‍ഡ്’ എന്ന സെഷനില്‍ അയ്യര്‍ ആന്‍ഡ് മഹേഷിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് എന്‍. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട് മേധാവി പ്രൊദ്യുത് മാജി, ഡബ്ല്യുആര്‍ഐ ഇന്ത്യ സെന്റര്‍ ഫോര്‍ സിറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സുദേഷ്ണ ചാറ്റര്‍ജി, ഫ്‌ളിപ്കാര്‍ട്ട് സസ്‌റ്റൈനബിലിറ്റി ഡയറക്ടര്‍ ധരശ്രീ പാണ്ഡ, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പ്രിന്‍സിപ്പല്‍ സൗരഭ് സുനേജ എന്നിവര്‍ സംസാരിച്ച സെഷനില്‍ റീ സസ്‌റ്റൈനബിലിറ്റി ലിമിറ്റഡ് ഡയറക്ടര്‍ ബോബി ഇ. കുര്യനാണ് മോഡറേറ്ററായി.
സുസ്ഥിരവും മലിനീകരണമില്ലാത്തതുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഓരോ നഗരത്തിന്റേയും 14 ശതമാനം ഭാഗമെങ്കിലും ജൈവആവാസവ്യവസ്ഥയ്ക്കു കീഴില്‍ ഉണ്ടാകണമെന്ന് എന്‍. മഹേഷ് പറഞ്ഞു. ശുദ്ധവായുവും മലിനീകരണമില്ലാത്ത ലോകവും ഉറപ്പാക്കിക്കൊണ്ട് പ്രകൃതിയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ നഗരങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഡബ്ല്യുആര്‍ഐ ഇന്ത്യ റോസ് സെന്റര്‍ ഫോര്‍ സിറ്റിസിന്റെ പ്രോഗ്രാം ഡയറക്ടര്‍ ഡോ.സുദേഷ്ണ ചാറ്റര്‍ജി സംസാരിച്ചു. ആഗോളതലത്തില്‍ നഗരങ്ങള്‍ മൊത്തം ജിഡിപിയുടെ 80% വും സംഭാവന ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചയും നഗരവല്‍ക്കരണവും തമ്മില്‍ ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞു.
സുസ്ഥിര വളര്‍ച്ചയ്ക്കായി പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജമേഖലകളെ പ്രോത്സാഹിപ്പിക്കണമെന്ന് അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട് മേധാവി പ്രൊദ്യുത് മാജി പറഞ്ഞു. വൈദ്യുത വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യുല്‍ സെല്ലുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്വകാര്യ നിക്ഷേപകരുടെ പങ്കിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പ്രിന്‍സിപ്പല്‍ സൗരഭ് സുനേജ സംസാരിച്ചു.
‘ട്രിവാന്‍ഡ്രം 5.0 പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്’ എന്നതാണ് ട്രിമ 2023 ന്റെ പ്രമേയം. ലാഭവും വിജയവും എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം തലസ്ഥാന മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനരേഖ തയ്യാറാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിതബുദ്ധി), മെഷീന്‍ ലേണിങ് എന്നീ സാങ്കേതികവിദ്യകളെ മനുഷ്യപ്രയത്‌നവും സര്‍ഗാത്മകതയുമായി സമന്വയിപ്പിക്കുന്നതിലാണ് ഇന്‍ഡസ്ട്രി 5.0 എന്ന ആശയം ശ്രദ്ധയൂന്നിയത്.
ബിസിനസ്, മാനേജ്‌മെന്റ് പ്രമുഖരുടെ പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായുണ്ടായിരുന്നു. വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 400 ലധികം പ്രതിനിധികള്‍ ട്രിമ2023 ന്റെ ഭാഗമായി.