കോഴിക്കോട്: സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ജി എസ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന നിയമവിരുദ്ധമായ പരിശോധനകള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപരി വ്യവസായി ഏകോന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. ജി എസ് റ്റി നിയമം നിലവില്‍ വന്ന സമയത്ത് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന പോലെ യാതൊരു മുന്നറിയിപ്പും ഇല്ലാതെയുള്ള കട പരിശോധനകള്‍ ഉണ്ടാകുകയില്ലെന്ന് അന്നത്തെ ധനമന്ത്രി ഡോ. റ്റി എം തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. ഇതിനു കടകവിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കട പരിശോധന നടന്നത്.
1000 കോടി രൂപയിലധികം തുകയ്ക്കുള്ള നികുതി വെട്ടിപ്പ് കണ്ടെത്തി എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത് തങ്ങളുടെ നിയമവിരുദ്ധമായ പരിശോധനകളെ സാധൂകരിക്കുവാന്‍ വേണ്ടിയാണ്. ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അവിടെ നിന്നും ലഭ്യമാകുന്ന രേഖകള്‍ പരിശോധിച്ച്, അവകളില്‍ നിന്നും യഥാര്‍ത്ഥമായ നികുതി ബാദ്ധ്യത കണ്ടെത്തുന്നതിന് മാസങ്ങള്‍ വേണ്ടി വരും. പെട്ടെന്ന് നടത്തപ്പെടുന്ന പരിശോധനാ വേളയില്‍, സ്ഥാപന ഉടമകളെ ഭീഷണിപ്പെടുത്തി, കുറെ നികുതി അടപ്പിക്കുന്ന രീതി നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം നടപടിയാണ്. സ്ഥാപനങ്ങളിലെ കണക്കുകള്‍ പരിശോധിച്ച്, യഥാര്‍ത്ഥ നികുതി ബാദ്ധ്യത തിട്ടപ്പെടുത്തുമ്പോള്‍, പലപ്പോഴും പുലി എലിയെ പ്രസവിച്ചതിനു തുല്യമായിരിക്കും. എന്നാല്‍ ആ സമയത്ത് മാധ്യമങ്ങളില്‍ ഇവ വാര്‍ത്ത ആയി വരാറില്ല.
‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നതുപോലെ, സംസ്ഥാന സര്‍ക്കാരിന് കടം എടുക്കുന്നതിനുള്ള പരിധിയില്‍, കേന്ദ്ര സര്‍ക്കാര്‍ 8000 കോടിരൂപയുടെ കുറവ് വരുത്തിയതിന്റെ അന്ധാളിപ്പില്‍ സ്വീകരിക്കുന്ന അന്യായമായ ഇത്തരം നടപടികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും രാജു അപ്‌സര മുന്നറിയിപ്പ് നല്‍കി.