ഹോട്ടല്‍ വ്യാപാരിയുടെ കൊല: ഫര്‍ഹാന ഹണി ട്രാപ്പ് നടത്തിയെന്നും വിവരം

Kerala

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാപാരി കൊല ചെയ്യപ്പെട്ട് പതിനെട്ടിനോ പത്തൊമ്പതിനോ ആണെന്ന് പൊലീസ് പറയുന്നു. അതിനിടെ ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിലെ കൊക്കയില്‍ തള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് പുറത്തെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു.

കൊലപാതക്കില്‍ പിടിയിലായ ഷിബിലിനു 22 വയസും ഗേള്‍ ഫ്രണ്ട് കൂടിയായ ഫര്‍ഹാനയ്ക്ക് വെറും 18 വയസും മാത്രമാണ് പ്രായം. ഫര്‍ഹാന വ്യാപാരിയായ സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുടുക്കിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതനുസരിച്ചുള്ള ധാരണകള്‍ക്കായി മൂന്ന് പേരും ചേര്‍ന്ന് കോഴിക്കോട് എരഞ്ഞിപാലത്ത് ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഫര്‍ഹാന എന്ന 18കാരിയാണ് കൊലപാതകത്തിന്റെ സൂത്രധാര എന്നും സംസാരമുണ്ട്. സിസി ടിവി പരിശോധിച്ചപ്പോള്‍ മൂന്ന് പേര്‍ എത്തി മുറിയെടുത്തെന്നും 2 പേര്‍ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചനയാണ് പൊലീസിന് ലഭിച്ചതെന്നാണ് വിവരം. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഹോട്ടലില്‍ നിന്നും തിരികെ പോകുമ്പോള്‍ ഫര്‍ഹാനയുടേയും ബോയ്ഫ്രണ്ട് ഷിബിലിയുടേയും കൈയ്യില്‍ ട്രോളി ബാഗുകള്‍ ഉള്ളതായും സൂചനയുണ്ട്. അതേസമയം വ്യാപാരി സിദ്ദിഖ് തിരികെ പോയതായി സി സി ടി വി ദൃശ്യങ്ങളില്‍ ഇല്ല.

കൊല്ലപ്പെട്ട സിദ്ധിഖിന്റെ ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും കഴിഞ്ഞ ദിവസം മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ഇവര്‍ ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ചെന്നൈയില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകവും മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ ഉപേക്ഷിച്ച വിവരവും അറിഞ്ഞത്. ഇതനുസരിച്ച് നടത്തിയ പരിശോധനയില്‍ ട്രോളി ബാഗുകള്‍ പുറത്തേക്ക് എത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തന്നുണ്ട്. ശേഷം പോസ്റ്റോ മോര്‍ട്ട നടപടിക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തിക്കും.