കൊടുവള്ളി: വാവാട് വില്ലേജ് ഓഫിസിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 12 ന് തിങ്കളാഴ്ച രാവിലെ 11ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന്‍നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് സൗകര്യപ്രദമായ ഇരുനില കെട്ടിടം പണിതത്.കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിര്‍വഹിച്ചത്. പഴയവില്ലേജ്ഓഫീസില്‍ജിവനക്കാര്‍ക്ക് ജോലി ചെയ്യുവാനോ, ഫയലുകള്‍ സൂക്ഷിക്കുവാനോ സൗകര്യമില്ലായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ നില്‍ക്കുവാന്‍ പോലും കഴിയാതെ പ്രയാസപ്പെടുകയാണ് ചെയ്തിരുന്നത്. പ്രദേശവാസിയായ പരേതനായ കെ ടി ഇമ്പിച്ചി മോയി വിട്ട് നല്‍കിയ ഭൂമിയില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്താണ് 32 വര്‍ഷം മുന്‍പാണ്വില്ലേജ്ഓഫിസിന് കെട്ടിടം പണിതത്. 1986 ജൂണ്‍ 15ന് അന്നത്തെ റവന്യുമന്ത്രിയായിരുന്ന പി ജെ ജോസഫാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കൊടുവള്ളി നഗരസഭയിലെ 13 ഓളം ഡിവിഷന്‍ പ്രദേശങ്ങള്‍ ഉള്‍പെടുന്നതാണ് വാവാട് വില്ലേജ് ഓഫീസിന്റപരിധി.
പിന്നിട്കെട്ടിടത്തില്‍ ആവശ്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. കെട്ടിടം നിര്‍മ്മിതി കേന്ദ്രയാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയാവും. മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ എ ഗീത എന്നിവരും രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രിയെ വാവാട് സിറാജുദ്ദീന്‍ മദ്‌റസ പരിസരത്ത് നിന്നും സാംസ്‌കാരിക ഘോഷയാത്രയോടെ സ്വീകരിച്ചാനയിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ അബ്ദു വെള്ളറ, പബ്ലിസ്റ്റി ചെയര്‍മാന്‍ ഒ പി മജീദ്, കണ്‍വീനര്‍ അഷ്‌റഫ് വാവാട്, കൗണ്‍സിലര്‍ പി വി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.