മോദി നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി, ദൈവവുമായി നേരിട്ട് കണക്ഷന്‍; പരിഹസിച്ച് രാഹുല്‍

India

ന്യൂദല്‍ഹി: മോദി നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് ദൈവവുമായി നേരിട്ട് കണക്ഷന്‍ എന്നും പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക്‌സഭയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെയാണെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചും രാഹുല്‍ സഭയില്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷം ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ ഭരണഘടന ഉയര്‍ത്തിയായിരുന്നു രാഹുല്‍ഗാന്ധിയുടെ നന്ദിപ്രമേയ ചര്‍ച്ച. ഭരണഘടനയെ സംരക്ഷിക്കാനാണ് നിലകൊളളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പല പ്രതിപക്ഷ നേതാക്കളും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ പലനേതാക്കളും ജയിലിലായി. തന്നെയും ആക്രമിക്കാന്‍ മോദി ശ്രമിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുന്നത് സന്തോഷമാണെന്നും രാഹുല്‍ വ്യക്തമാക്കി.

അഗ്‌നിവീര്‍ യൂസ് ആന്‍ഡ് ത്രോ പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആനുകൂല്യങ്ങളോ പെന്‍ഷനോ ഉള്‍പ്പെടെ പരിരക്ഷ അഗ്‌നിവീര്‍ നല്‍കുന്നില്ല. മണിപ്പൂര്‍ വിഷയവും രാഹുല്‍ഗാന്ധി ഉയര്‍ത്തി. മോദി ഒരിക്കല്‍ പോലും മണിപ്പുരില്‍ പോയിട്ടില്ല. പ്രധാനമന്ത്രിക്ക് മണിപ്പുര്‍ ഇന്ത്യയ്ക്കകത്തെ സംസ്ഥാനമല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരമില്ല.

അതേസമയം ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്ന രാഹുലിന്റെ പരമാര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ പറഞ്ഞു.