കോലാറിലും ആഞ്ഞടിച്ച് രാഹുല്‍; മോദിയുടെ പണി അദാനിക്ക് പണമുണ്ടാക്കല്‍

India

ബംഗളുരു: കോലാറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അദാനിക്ക് പണമുണ്ടാക്കലമാണ് മോദിയുടെ പണിയെന്ന് ആരോപിച്ച രാഹുല്‍ കോണ്‍ഗ്രസ് നിലകൊള്ളുന്നത് ദരിദ്രര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. കോലാറിലെ പ്രസംഗത്തിന്റെ പേരിലായിരുന്നു രാഹുലിനെ അയോഗ്യനാക്കിയിരുന്നത്. അയോഗ്യത നടപടിക്ക് ശേഷം വീണ്ടും കോലാറിലെത്തിയ രാഹുല്‍ മോദിക്കെതിരെ ശക്തമായ ഭാഷയിലാണ് ആഞ്ഞടിച്ചത്.

നടപ്പിലാക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ പറയുകയുള്ളു. അധികാരത്തിലെത്തിയാല്‍ ഈ വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. 4 വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തില്‍ നടപ്പാക്കും. നരേന്ദ്ര മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോള്‍ ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ആ പണം നല്‍കുകയണ് ചെയ്യുന്നതെന്നും പാവപ്പെട്ടവരുടെ പണം കക്കുന്നതല്ല തങ്ങളുടെ പരിപാടിയെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ഞാന്‍ ഒരു ഫോട്ടോ കാണിച്ച് അദാനിയും മോദിയും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചു. അദാനിയുടെ വിമാനത്തില്‍ സ്വന്തം വീട്ടില്‍ ഇരിക്കുന്നത് പോലെ മോദി ഇരിക്കുന്ന ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇതിന് മോദിക്ക് മറുപടി ഉണ്ടായിരുന്നില്ല. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഇരുപതിനായിരം കോടി രൂപ അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ചത് ആരാണെന്ന മറുപടിയില്ല. ഇക്കാര്യത്തെ കുറിച്ചെല്ലാം പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ ബി ജെ പി എം പിമാര്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്തുകയാണ് ചെയ്തത്. അദാനിയുടെ പേരും വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നതിനെ മോദി ഭയപ്പെടുകയാണ്. തന്നെ അയോഗ്യനാക്കിയാല്‍ ഇക്കാര്യത്തെ കുറിച്ച് മിണ്ടില്ലെന്നാണ് മോദി കരുതുന്നത്. എന്നാല്‍ താന്‍ അങ്ങനെ ഭയപ്പെടുന്നവനല്ല. അദാനിക്ക് കിട്ടിയ ആ ബിനാമി പണം ആരുടേതാണ്. അതിന് മറുപടി കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ കമ്മീഷന്‍ വാങ്ങിയ പണം കൊണ്ട് പല കളികളും ബി ജെ പി കളിക്കുമെന്നും ഇതുതടയാന്‍ 150 സീറ്റുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കണമെന്നും രാഹുല്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *