വിമാന നിരക്കില്‍ കുറവ് വരുത്തില്ല; ഇടപെടില്ലെന്ന് കേന്ദ്രം

India

ന്യൂദല്‍ഹി: വിമാന നിരക്ക് കുറക്കണമെന്ന പ്രവാസികളുടെ ആവശ്യം നടപ്പാവില്ല. അമിതമായി വര്‍ദ്ധിപ്പിച്ച വിമാന നിരക്കില്‍ കുറവു വരുത്തുന്നതിന് ഇടപെടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് പ്രവാസികളുടെ ദുരിതത്തിന് അറുതിയാകില്ലെന്ന് ഉറപ്പായത്. ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വിമാന കമ്പനികള്‍ക്കാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവുമെന്ന് മറുപടിയില്‍ പറയുന്നു. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ദ്ധനവ് മാത്രമേയുള്ളൂവെന്നും പറയുന്നു. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാര്‍ച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. ഇതിലും തീരുമാനം ഉണ്ടായിട്ടില്ല.

നിരക്ക് വര്‍ധനയില്‍ കേന്ദ്രം ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ ഈ ഓണത്തിന് പ്രവാസികള്‍ അധിക നിരക്ക് നല്‍കേണ്ടി വരുമെന്ന് ഉറപ്പായി. പ്രവാസികള്‍ കൂടുതലായി നാട്ടിലെത്തുന്ന സമയത്തും തിരികെ പോകുന്ന വേളകളിലും വന്‍തോതില്‍ നിരക്ക് വര്‍ധിപ്പിച്ച് കൊള്ളയടിക്കുകയാണ് വിമാന കമ്പനികള്‍ ചെയ്യുന്നത്.