തിരുവണ്ണാമലൈ: പത്തുരൂപയുടെ ശീതളപാനീയം കുടിച്ച അഞ്ചു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്. വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നും കാവ്യ ശ്രീ പത്തുരൂയുടെ ശീതളപാനീയം വാങ്ങിയിരുന്നു. ഇത് കഴിച്ച് ഏതാനും മിനുട്ടുകള്‍ക്കകം വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് കുട്ടി കുഴഞ്ഞ് വീണ് ബോധരഹിതയായി.
തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകളുടെ മരണത്തിന് കാരണം പഴകിയ ശീതളപാനീയമാണെന്ന് കുട്ടിയുടെ പിതാവ് രാജ്കുമാര് ആരോപിച്ചു.