ഈ തെരഞ്ഞെടുപ്പ് കാലം ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാനുള്ള അവസാന അവസരമാണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി. ഫേസ്ബുക്ക് പേജിലൂടെയാണ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ഇന്ത്യമുന്നണിയുടെ വിജയത്തിന്‍റെ ആവശ്യകതയും അദ്ദേഹം കുറിച്ചത്. മൂപ്പിളമ തര്‍ക്കവും നാത്തൂന്‍ പോരും നടത്തി ‘ഇന്ത്യ’ മുന്നണിയുടെ വിജയത്തിന്റെ ശക്തികുറച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നുള്ള ഓര്മ്മപ്പെടുത്തലും അദ്ദേഹം നടത്തുന്നുണ്ട്.
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:
എപ്പോഴാണ് നിങ്ങള്‍ മോദിയെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത് എന്ന് ഓര്‍മ്മയുണ്ടോ? ഒരു സംസ്ഥാന മുഖ്യമന്ത്രി എന്നതിനപ്പുറം മോദിക്ക് കേള്‍വിയും കേള്‍പ്പോരും ഉണ്ടായത് എങ്ങനെയാണെന്ന് ഓര്‍മ്മയുണ്ടോ?
ജനാധിപത്യത്തിനും ഭരണഘടനക്കും വേണ്ടി നിലകൊണ്ടതിന്റെ പേരിലല്ല മോദി പ്രസിദ്ധനായത്. ഈ രാജ്യത്തിന് അഭിമാനകരമായ എന്തെങ്കിലും ഒരു നേട്ടം ഉണ്ടാക്കിക്കൊടുത്ത് കൊണ്ടല്ല മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.
1970 കള്‍ മുതല്‍ ആര്‍ എസ് എസ് എന്ന ഭീകര വാദ സംഘത്തിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായി പ്രവര്‍ത്തനമാരംഭിച്ച മോദിക്ക് എന്നും ഇഷ്ടവും താല്പര്യവും വര്‍ഗ്ഗീയതയോട് മാത്രമായിരുന്നു. ആ വര്‍ഗ്ഗീയതയെയും മുസ്ലിം വിദ്വേഷത്തെയും അക്ഷരാര്‍ത്ഥത്തില്‍ ആളിക്കത്തിച്ചുകൊണ്ടാണ് മോദി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
ഗുജറാത്തിലെ തെരുവുകളില്‍ കുറുവടിയുമേന്തി നടക്കുമ്പോഴും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി, സ്വന്തം പേര് തുന്നിയ കോട്ടിട്ട് അല്പത്വത്തിന്റെ പ്രതീകമായി ഊര് ചുറ്റുമ്പോഴും മോദിയെ നയിച്ചത് മുസ്ലിം വിരോധം മാത്രമായിരുന്നു. മോദിക്ക് ആവേശമായത്, മോദി ഊര്‍ജം സ്വീകരിച്ചത് ഗുജറാത്തിന്റെ മണ്ണില്‍ കരിഞ്ഞു പൊങ്ങിയ നിരപരാധികളുടെ മാംസത്തിന്റെ മണമായിരുന്നു. ആ കത്തിക്കരിഞ്ഞ മയ്യത്തുകള്‍ക്ക് മുകളില്‍ ചവിട്ടിയാണ് മോദി ഡല്‍ഹിയിലും പ്രധാനമന്ത്രിയുടെ വീട്ടിലുമെത്തിയത്.
ആ മോദിയില്‍ നിന്ന് വര്‍ഗ്ഗീയതയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കുക. കൊന്നിട്ടും കത്തിച്ചിട്ടും കൊന്നുതിന്നിട്ടും തീരാത്ത പകയാണ് ആ മനസ്സിലുള്ളത്. ആ പകയാണ് സാധാരണക്കാരായ ഹിന്ദുക്കളിലേക്ക് പകര്‍ന്ന് നല്‍കാന്‍ മോദി ശ്രമിക്കുന്നത്. അത് ഒരിക്കലും കുറയുമെന്ന് കരുതേണ്ടതില്ല. തനിക്ക് അധികാരത്തില്‍ തുടരാനുള്ള ആദ്യത്തെയും അവസാനത്തെയും ആയുധം രാജ്യത്തിന്റെ തെരുവുകളില്‍ കത്തിയുയരുന്ന വര്‍ഗ്ഗീയത മാത്രമാണെന്ന് മോദിക്ക് നന്നായറിയാം. അത് അയാള്‍ ചെയ്തുകൊണ്ടേയിരിക്കും.
ഇത് ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാനുള്ള അവസാന അവസരമാണ്. മൂപ്പിളമ തര്‍ക്കവും നാത്തൂന്‍ പോരും നടത്തി ‘ഇന്ത്യ’ മുന്നണിയുടെ വിജയത്തിന്റെ ശക്തികുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണിത്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍, ഫാസിസം എന്ന് വിളിച്ചാല്‍ മതിയാവാത്ത തരത്തില്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നാവില്‍ നിന്ന് പോലും വിഷപ്പുക വമിക്കുമ്പോള്‍, പ്രതീക്ഷിക്കാവുന്ന പ്രതിപക്ഷ മുന്നേറ്റത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാണിത്. ഇന്ത്യാ മുന്നണിയെ, ഈ രാജ്യത്തെ വീണ്ടെടുക്കാന്‍ പ്രതീക്ഷ നഷ്ടപ്പെടാതെ ഓടി നടക്കുന്ന അതിന്റെ നേതാക്കളെ നാം പിന്തുണക്കുക.
ഹനീഫ് കായക്കൊടി
സെക്രട്ടറി
(കേരള ജംഇയ്യത്തുല്‍ ഉലമ)