ചികിത്സാസഹായം കൈമാറി

Kozhikode

പാലത്ത്: ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നെല്ലാത്ത്‌താഴം മാനാത്ത് അനുരഞ്ജ് ചികിത്സാ സഹായ ഫണ്ടിലേക്ക് പ്രദേശവാസികളായ പ്രവാസികളുടെയും നന്മയുള്ള നാട്ടുകാരുടെയും സഹകരണത്തോടെ പള്ളിപൊയിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച 100001 രൂപ ശ്രീമതി ഗൗരി പുതിയോത്ത് (ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ്) ചികിത്സാ സഹായ കമ്മിറ്റിയുടെ കൺവീനർ വി.സി. സുരേന്ദ്രന് കൈമാറി. മാനാത്ത് ശ്രീധരന്റെ മകനായ അനുരഞ്ജ് (27 വയസ്സ്) ഇരു വൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. അസുഖ ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും വിശദമായ പരിശോധനയിൽ ഇരുവൃക്കകളും രോഗബാധിതമാണെന്നും ഭാഗികമായി പ്രവർത്തന രഹിതമാണെന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിക്കുകയും നിലവിൽ ഡയാലിസിസ് ചെയ്‌തുകൊണ്ടിരിക്കുകയുമാണ്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏകപോംവഴി എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

അനുരഞ്ജിന്റെ പിതാവിൻ്റെ വൃക്ക അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയും അദ്ദേഹം വൃക്ക നൽകാൻ തയ്യാറാവുകയും ചെയ്‌തിട്ടുണ്ട്. അനുരഞ്ജും ജ്യേഷ്‌ഠനായ അഖിലേഷും അച്ഛനും അമ്മയും അടങ്ങുന്ന ഈ കുടുംബം കുലിപ്പണിയെടുത്ത് കഴിയുന്നവരാണ്. ചികിത്സയും വൃക്കമാറ്റി വെയ്ക്കലും തുടർ ചികിത്സയ്ക്കുമായി ചെലവ് 20 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇത് താങ്ങാനുള്ള കഴിവ് ഈ കുടുംബത്തിനില്ല.

അനുരഞ്ജിന്റെ ചികിത്സാ സഹായത്തിനായി കേരള വനം – വന്യജീവിവകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ, ശ്രീ. എം.കെ.രാഘവൻ. എം. പി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി. പി.നൗഷീർ തുടങ്ങിയവർ മുഖ്യരക്ഷാധികാരികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഒരു ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.