കാലാതീതമായ അറിവിന്‍റെ കലവറയാണ് സംസ്‌കൃതമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Thiruvananthapuram

സംസ്‌കൃത സെമിനാര്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്‌കൃതം കാലാതീതമായ അറിവിന്റെ കലവറയാണെന്നും
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പൈതൃകത്തെ ആഘോഷിക്കാനുള്ള അവസരമായാണ് സംസ്‌കൃത സെമിനാറിനെ കാണുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗവ.തൈക്കാട് മോഡല്‍ എല്‍.പി.എസില്‍ നടക്കുന്ന സംസ്‌കൃത കലോത്സവത്തോടനുബന്ധിച്ച് സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യവകുപ്പു മന്ത്രി ജി ആര്‍ അനില്‍ പങ്കെടുത്തു.

തൈക്കാട് ഗവ എല്‍ പി സ്‌കൂളില്‍ നടന്ന സെമിനാര്‍ അവതരിപ്പിച്ചത് റേഡിയോ വാര്‍ത്താ അവതാരകനായ ഡോ ബലദേവാനന്ദ സാഗറാണ്. ആധുനികയുഗേ സംസ്‌കൃതസ്യ പ്രധാന്യം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. സംസ്‌കൃതാധ്യാപകന്‍ അജയ് ഘോഷ് സ്വാഗതം ആശംസിച്ചു. സംസ്‌കൃത പ്രൊഫസര്‍ ഡോ ഒ എസ് സുധീഷ് മോഡറേറ്ററായി. അതിനെ തുടര്‍ന്നുള്ള ചര്‍ച്ച ഡോ പി പദ്മനാഭന്‍ ഗുരുവായൂര്‍ നയിച്ചു.

പരിപാടിക്ക് മുന്‍പായി കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം യു പി സ്‌കൂളിലെ കുട്ടികള്‍ സംസ്‌കൃത സംഗീതത്തിന്റെ അകമ്പടിയില്‍ മെഗാ തിരുവാതിര അവതരിപ്പിച്ചു. സ്വാഗതഗാനം ആലപിച്ചത് 63 സംസ്‌കൃത അധ്യാപകര്‍ അടങ്ങുന്ന സംഘമാണ്. സംസ്‌കൃത ഭാഷയില്‍ പണ്ഡിതരായ വിശിഷ്ട വ്യകതികളെ വേദിയില്‍ ആദരിച്ചു.