സൈബർ സുരക്ഷാ സെക്യൂരിറ്റി മേഖലയിലെ അന്തരം ഇല്ലാതാക്കാനായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഫോർട്ടിനെറ്റിന്റെ ആഗോള അംഗീകാരമുള്ള സർട്ടിഫിക്കേഷൻ അസാപ് കേരള വഴി നൽകി വിദ്യാർഥികളെ സജ്ജമാക്കും.
തിരുവനന്തപുരം: സൈബർ സുരക്ഷയുടെയും, നെറ്റ് വർക്കിങ്ങിന്റെയും സംയോജനത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്ന മുൻ നിര ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ഫോർട്ടിനെറ്റ്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. അവാർഡിനർഹമായ തങ്ങളുടെ സൈബർ സുരക്ഷാ പരിശീലനവും, സർട്ടിഫിക്കേഷൻ പാഠ്യ പദ്ധതിയും സൗജന്യമായി അസാപ് കേരള (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം) മുഖേന സംസ്ഥാനത്തെ സൈബർ സുരക്ഷാ വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും ലഭ്യമാകും.
സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്ക് നൈപുണ്യവികസന സാധ്യതകളും, സർട്ടിഫിക്കേഷനുകളും നൽകി ശാക്തീകരിച്ച് തങ്ങളുടെ മേഖലയിൽ വിജയകരമായി പ്രവർത്തിക്കാനുള്ള അവസരം നൽകാൻ ഈ ധാരണയിലൂടെ സാധ്യമാകും. നെറ്റ്വർക്ക് സുരക്ഷാ മേഖലയിലെ വിദഗ്ധരുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലാക്കിയാണീ പങ്കാളിത്തം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ഒപ്പിട്ട ധാരണ പ്രകാരം, ഫോർട്ടിനെറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ ആഗോള അംഗീകാരം ലഭിച്ച നെറ്റ്വർക്ക് സെക്യൂരിറ്റി എക്സ്പെർട്ട് (എൻ എസ് ഇ) സർട്ടിഫിക്കേഷൻ പ്രോഗ്രാം പരിശീലനത്തിന്റെ ഭാഗമായി നൽകും. അഞ്ചു ഘട്ടങ്ങളും, 11 സർട്ടിഫിക്കേഷനുകളും അടങ്ങുന്നതാണ് ഈ പ്രോഗ്രാം. സുരക്ഷാ അതിഷ്ഠിതമായ നെറ്റ് വർക്കിംഗ്, അഡാപ്റ്റീവ് ക്ലൗഡ് സെക്യൂരിറ്റി, എ.ഐ അധിഷ്ഠിത സെക്യൂരിറ്റി ഓപ്പറേഷൻസ്, സീറോ-ട്രസ്റ്റ് നെറ്റ്വർക്ക് ആക്സസ്സ് എന്നിവ ഉൾപ്പെടുന്ന ഉയർന്ന കോഴ്സുകളുള്ളതാണ് പാഠ്യപദ്ധതി. വിദ്യാർഥികൾക്ക് ഓൺലൈൻ ലാബുകളിൽ അനുഭവ പരിചയം ഉറപ്പാക്കി, അവർക്ക് യഥാർഥ ലോക സാഹചര്യങ്ങളിൽ അവരുടെ പരിജ്ഞാനം ഉപയോഗപ്പെടുത്താൻ ഈ പരിശീലന പരിപാടി അവസരം നൽകും.
കൂടാതെ, അവർക്ക് ആഗോള അംഗീകാരം ലഭിച്ച യോഗ്യതകൾ കരസ്ഥമാക്കാനുള്ള പരീക്ഷാ വൗച്ചറുകളും ലഭ്യമാകും. ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് എപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുന്ന സൈബർ സുരക്ഷാ ഭീഷണികൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള വൈദഗ്ധ്യം നൽകുകയും, അവരെ സൈബർ സുരക്ഷാ മേഖലയിൽ മികച്ച സംഭാവനകൾ നൽകാൻ നിപുണരായ പ്രഫഷണലുകളാക്കി മാറ്റുകയും ചെയ്യും. സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന പ്രഫഷണലുകളാകാനും, ഉയർന്നു വരുന്ന അപകട സാധ്യതകൾക്കെതിരെ സുരക്ഷായൊരുക്കാനും പരിശീലനം സിദ്ധിക്കുന്ന അവർക്ക് സാധിക്കും.
ആഗോള സൈബർ സുരക്ഷാ വൈദഗ്ദ്ധ്യത്തിലെ അന്തരം അനുദിനം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പങ്കാളിത്തം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഫോർട്ടിനറ്റിന്റെ 2024 ലെ ആഗോള സൈബർ സുരക്ഷാ ഗ്യാപ്പ് റിപ്പോർട്ട് പ്രകാരം, 70 ശതമാനം സ്ഥാപനങ്ങളും വൈദഗ്ധ്യമുള്ള സൈബർസുരക്ഷാ പ്രഫഷണലുകളുടെ അഭാവം മൂലം തങ്ങളുടെ സുരക്ഷാ ഭീഷണി വർദ്ധിക്കുമെന്ന് ഭയപ്പെടുന്നവയാണ്. റിപ്പോർട്ട് പ്രകാരം, ആ ഗോളതലത്തിൽ 4.8 ദശലക്ഷം സൈബർ സെക്യൂരിറ്റി വിദഗ്ധരെ ഈ മേഖലയിൽ ആവശ്യമായി വരും.
ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് കേരള സർക്കാർ ഫോർട്ടിനെറ്റിന്റെ എൻ എസ് ഇ സർട്ടിഫിക്കേഷൻ ഒരു സ്വയം പഠന ഓൺലൈൻ പ്രോഗ്രാമായി വിദ്യാർഥികൾക്കായി പരിചയപ്പെടുത്തുന്നത്. ഈ ഉദ്യമപ്രകാരം ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി അതീവ വൈദഗ്ധ്യമുള്ള സൈബർ സുരക്ഷാ പ്രഫഷണലുകളുടെ ഒരു നീണ്ട നിരയെത്തന്നെ വാർത്തെടുക്കാനും, സൈബർസുരക്ഷാ മുൻകരുതലുകൾക്ക് ശക്തിപകരാനും സാധിക്കും.
ഇന്ത്യയിലെ സൈബർ സുരക്ഷാ വൈദഗ്ധ്യത്തിലെ വിടവ് നികത്താനുള്ള പ്രതിബദ്ധത നിറവേറ്റാനായി ഫോർട്ടിനെറ്റ് എഐസിടിഇ യുമായി ചേർന്ന് ഒരു ലക്ഷം വെർച്യുൽ ഇന്റേൺഷിപ്പുകൾ സൈബർ സെക്യൂരിറ്റിയിൽ നൽകാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ, പഠനഗവേഷണ വിഭാഗത്തിന് അഡ്വാൻസ് സൈബർ സെക്യൂരിറ്റി അവെയർനെസ്സ് ആൻഡ് ട്രെയിനിങ് പ്രോഗ്രാം പ്രദാനം ചെയ്യാനും ഇ ആർ ടി യുമായി ചേർന്ന് പ്രവർത്തിക്കുവാനും ഫോർട്ടിനെറ്റ് ശ്രമിക്കുന്നു. ഇന്ത്യയുടെ സൈബർ സുരക്ഷാ തൊഴിൽ ശക്തി ശാക്തീകരിക്കാനും, രാജ്യത്തിൻറെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്വ വ്യവസ്ഥയെ പിന്തുണയ്ക്കാനും ഇത്തരം സംരംഭങ്ങളിലൂടെ ഫോർട്ടിനെറ്റ്, വിദ്യാർഥികളെയും, അധ്യാപകരെയും, പ്രഫഷണലുകളെയും സജ്ജരാക്കുന്നു.
“ഈ പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണ്. കേരളത്തിലെ വളർന്നു വരുന്ന പ്രഫഷണലുകളുടെ വൈദഗ്ധ്യം വളർത്തുകയും, സൈബർ സുരക്ഷാ സന്നാഹങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്ന കൂട്ടായ ലക്ഷ്യം നേടാൻ വേണ്ടി ഇതു സഹായിക്കും. ഈ സഹകരണം വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ തുറന്നു കൊടുക്കുകയും, അവരുടെ വ്യവസായ പ്രസക്തമായ അറിവുകളും, വൈദഗ്ധ്യവും വളർത്തി അവരെ ശാക്തീകരിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എ ഐ പോലുള്ള സങ്കീർണ്ണമായ ആധുനിക സാങ്കേതികവിദ്യകൾ വളരുന്നതിനൊപ്പം സൈബർ സുരക്ഷാ ഭീഷണികളും വളരുന്നു. അതിവേഗം പരിണാമം ആർജ്ജിക്കുന്ന ഡിജിറ്റൽ ലോകത്തെ സംരക്ഷിക്കാനായി വിദ്യാർഥികൾക്ക് സമഗ്രവും, ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യവുമായ വൈദഗ്ധ്യം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.” അസാപ് കേരള ചെയർ പേഴ്സണും മാനേജിങ് ഡയറക്ടറും, എക്സിക്യൂട്ടീവ് ഡയറക്ടറും, ഒപ്പം കേരള സർക്കാർ എക്സ് ഒഫിഷിയോ സെക്രട്ടറിയുമായ ഡോ. ഉഷ ടൈറ്റസ് (റിട്ട) പറഞ്ഞു.
“ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽവത്കരണം ബൃഹത്തായ അവസരങ്ങളാണ് തുറക്കുന്നത്. രാജ്യത്തിൻറെ ഡിജിറ്റൽ സുരക്ഷയ്ക്ക് ദൃഢമായ സൈബർ സുരക്ഷാ വൈദഗ്ധ്യവും അതിനാൽ അനിവാര്യമാണ്. ഈ അന്തരം നികത്താനായി, വിദ്യാർഥികൾക്കും, പ്രഫഷണലുകൾക്കും വ്യവസായ അംഗീകൃത്യമായ യോഗ്യതാ സർട്ടിഫിക്കേഷനുകളും, പരിശീലന പരിപാടികളും ലഭ്യമാക്കാൻ ഫോർട്ടിനെറ്റ് പ്രതിജ്ഞാബദ്ധരാണ്. അസാപ് കേരളയുമായുള്ള പങ്കാളിത്തത്തിലൂടെ ശക്തരായ പ്രാദേശിക പ്രതിഭകളെ വാർത്തെടുക്കാനും, വൈദഗ്ധ്യ ക്ഷാമം പരിഹരിക്കാനും, ഒപ്പം സദാ പരിണാമം സംഭവിച്ചുകൊ ണ്ടിരിക്കുന്ന സൈബർ സുരക്ഷാ ഭീഷണികൾ നേരിടാനുമുള്ള പ്രതിരോധശേഷി ഉറപ്പാക്കാനുമാണ് ഞങ്ങൾ യത്നിക്കുന്നത്,” ഫോർട്ടിനെറ്റ് ഇന്ത്യ & സാർക് കൺട്രി മാനേജറായ വിവേക് ശ്രീവാസ്തവ പറഞ്ഞു.